മലപ്പുറം- ഇത്തിൾപറമ്പ് നന്മ കൂട്ടായ്മയുടെ ജനകീയ കൃഷിക്ക് തുടക്കം. മലപ്പുറം ഇത്തിൾപറമ്പ് നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ കൃഷി എന്ന പേരിലാണ് യുവാക്കൾ കൂട്ടത്തോടെ കൃഷിയിലേക്ക് ഇറങ്ങിയത്. ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരും നാട്ടിൽ തൊഴിലില്ലാതെ നിൽക്കുന്നവരുമായ ചെറുപ്പക്കാരാണ് പുതിയ സംരംഭവുമായി തിരിച്ചറിവിന്റെ ലോകത്തേക്ക് ഇറങ്ങിയത്.
കൂട്ടായ്മയിലെ അംഗങ്ങളുടെ കൈവശമുള്ള സ്ഥലങ്ങളിൽ കൃഷിയിറക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. സെക്രട്ടറി പി.സാലിഹിന്റെ സ്ഥലത്താണ് കപ്പ കൃഷി ആരംഭിച്ചത്. മറ്റ് അംഗങ്ങളുടെ വീടുകളിലും വിവിധ ഇനത്തിലുള്ള കൃഷി നടത്തും. വിഷരഹിത പച്ചക്കറി വിളയിച്ച് പ്രദേശത്തെ വീടുകളിൽ എത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനമെന്ന് പ്രസിഡന്റ് ടി.അഷ്‌റഫ് പറഞ്ഞു. ട്രഷറർ ടി. ആസിഫലി, ടി.അബ്ദുസമദ്, ഹരിദാസൻ, എ.ഹബീബ്, ഐ.നബീൽ, പി.സി റഷാദ്, ഷഹബാസ്, ഹക്കീം, പി.ബഷീർ, ടി.സാജിദ്, ഹക്കീം തുടങ്ങിയവരും പദ്ധതിക്ക് നേതൃത്വം നൽകുന്നു.