ചെമ്മാട് - ദാറുൽഹുദ ഇസ്ലാമിക് സർവകലാശാലയിൽ അത്യാധുനിക സൗകര്യത്തോടെ സജ്ജീകരിച്ച റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ദാറുൽഹുദ നാഷണൽ പ്രൊജക്ട് ചെയർമാനും സെനറ്റ് അംഗവുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രതിസന്ധികളെ അനുകൂലമാക്കി, വിദ്യാഭ്യാസ രംഗത്തും പ്രബോധന മേഖലയിലും പുതിയ കാൽവെപ്പുകൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതു മേഖലയിൽ തകർച്ച നേരിട്ടാലും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷനായി. ക്യാമറകളുടെ സ്വിച്ച് ഓൺ കർമവും അദ്ദേഹം നിർവഹിച്ചു. ദാറുൽഹുദയുടെ ഓൺലൈൻ വിദ്യാഭ്യാസം, ട്രെയ്നിങ് പരിപാടികൾ, വീഡിയോ കോൺഫറൻസിങ്, ഓൺലൈൻ കോഴ്സുകൾ, പ്രബോധന പരിപാടികൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമാക്കി നിർമിച്ച സ്റ്റുഡിയോ സ്പോൺസർ ചെയ്തത് പൂർവ വിദ്യാർഥി സംഘടന ഹാദിയയുടെ യു.എ.ഇ ചാപ്റ്ററാണ്. ചടങ്ങിൽ യു.ഷാഫി ഹാജി ചെമ്മാട് സ്വാഗതവും പി.കെ നാസർ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. എം.കെ ജാബിറലി ഹുദവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഡോ.സുബൈർ ഹുദവി ചേകന്നൂർ, ടി. അബൂബക്കർ ഹുദവി, ഹംസ ഹാജി മൂന്നിയൂർ, പി.കെ മുഹമ്മദ് ഹാജി, സി.കെ മുഹമ്മദ് ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ഷംസുദ്ദീൻ ഹാജി, ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട, ഫൈസൽ ഹുദവി പടിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.