ജിദ്ദ- കുപ്പികളുടെ പ്ലാസ്റ്റിക് മൂടികൾ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ മാലയുണ്ടാക്കി ജിദ്ദയിലെ സ്‌കൂൾ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. ജിദ്ദ ഇന്റർനാഷനൽ ബ്രിട്ടീഷ് സ്‌കൂളാണ് വ്യത്യസ്തമായ രീതിയിലുള്ള മാലയുണ്ടാക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ആകെ 2,738.5 മീറ്റർ നീളമുള്ള മാലയാണ് സ്‌കൂളിലെ വിദ്യാർഥികൾ 3,23,103 പ്ലാസ്റ്റിക് കുപ്പികളുടെ മൂടികൾ ഉപയോഗിച്ചുണ്ടാക്കിയത്.
പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് വർഷങ്ങളായി സ്‌കൂൾ ബോധവൽക്കരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് മൂടികളുടെ വൻ ശേഖരം സ്‌കൂൾ വിദ്യാർഥികൾ ശേഖരിച്ചു. പുനഃചംക്രമണം ചെയ്ത് ലഭിക്കുന്ന വരുമാനം വികലാംഗരായ കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്ക് സംഭാവന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ മൂടികൾ ശേഖരിക്കുന്നത്.