കൊച്ചി- രഹ്നഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രഹ്നക്ക് ജാമ്യം നല്‍കരുതെന്നും കലയുടെ പേരിലാണെങ്കിലും സ്വന്തം കുട്ടിയെകൊണ്ട് എന്തും ചെയ്യിക്കാമെന്ന നില വരാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. രഹ്നയുടെ മുന്‍കാല ചെയ്തികളും കോടതി പരിഗണിക്കണം. കുട്ടിയെ കൊണ്ട് ചിത്രം വരപ്പിച്ചത് അമ്പതിനായിരത്തില്‍ അധികം ആളുകളാണ് കണ്ടത്. ഇത് പോക്‌സോ കേസിന്റെ പരിധിയില്‍ വരുമെന്നും കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തനിക്ക് എതിരെ ചുമത്തിയ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് രഹ്നഫാത്തിമ കഴിഞ്ഞ ആഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ്' എന്ന തലക്കെട്ടിലാണ് രഹ്നയുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ മകനും മകളും ചിത്രം വരയ്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഇതേതുടര്‍ന്നാണ് പോലിസ് കേസെടുത്തത്. രഹ്നയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു.കേസിനെ ഭയപ്പെടുന്നില്ലെന്നും യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും അത് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബിജെപി നേതാവ് അഡ്വ.അരുണ്‍ പ്രകാശാണ് പരാതി നല്‍കിയത്.