കൽപറ്റ- മിഥുനം പാതി കഴിഞ്ഞിട്ടും പെയ്യാൻ മടിക്കുന്ന കാലവർഷം വയനാട്ടിലെ നെൽക്കൃഷിക്കാരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. പാടം ഉഴുതൊരുക്കി വിത്തെറിയാൻ ജില്ലയുടെ പല ഭാഗങ്ങളിലും കർഷകർക്കു കഴിയുന്നില്ല. പുഴകളിലിൽനിന്നും തോടുകളിൽനിന്നും വെള്ളം കൃഷിയിടത്തിലെത്തിക്കാൻ സൗകര്യമുള്ള കർഷകർക്കു മാത്രമാണ് ഇതിനകം വിത്തുപാകാൻ കഴിഞ്ഞത്. ജലസേചനസൗകര്യം ഇല്ലാത്തവരാണ് ജില്ലയിലെ നെൽക്കൃഷിക്കാരിൽ 80 ശതമാനത്തിലധികവും. വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കിൽ പാടങ്ങൾ തരിശിടേണ്ടിവരുമെന്നു കർഷകർ പറയുന്നു.
ഏതാനും വർഷങ്ങളായി വയനാട്ടിൽ കാലവർഷത്തിന്റെ വരവിലും പോക്കിലും കൃത്യതയില്ല. കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനങ്ങൾ ജില്ലയുടെ കാര്യത്തിൽ ഫലിക്കുന്നില്ല. ഇതര പ്രദേശങ്ങളിൽ മഴ തകർത്തുപെയ്യുമ്പോൾ ജില്ലയിൽ വേനലിലേതുപോലെ തെളിയുകയാണ് വെയിൽ. ജൂണിൽ ശരാശരി 188 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 2018, 2019 വർഷങ്ങളിലും ജൂണിൽ ജില്ലയിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. 2019 ജൂണിൽ ശരാശരി 162 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
കാലവർഷത്തിനിടെ നടത്തുന്ന നെൽക്കൃഷി വയനാട്ടിൽ 'നഞ്ച' എന്നാണ് അറിയപ്പെടുന്നത്. ഇടവം മൂന്നാം വാരത്തോടെ വിത്ത് വിതച്ച് കർക്കടം തീരുംമുമ്പ് ഞാറ് പറിച്ചുനാട്ടുന്ന വിധത്തിലായിരുന്നു നഞ്ചകൃഷി. കാലാവസ്ഥയിലെ പിഴവു ഈ ക്രമം തെറ്റിച്ചു. ജൂലൈ ആദ്യ പകുതിയിൽ ആവശ്യത്തിനു മഴ കിട്ടിയാൽത്തന്നെ നെൽക്കൃഷി നടത്തണമോ എന്ന ശങ്കയിലാണ് കർഷകരിൽ പലരും. ജൂലൈ പകുതിയോടെ പാകുന്ന വിത്ത് ഓഗസ്റ്റ് അവസാനത്തോടെയാണ് പറിച്ചുനാട്ടാൻ പാകമാകുക. അപ്പോൾ പെരുമഴയാണെങ്കിൽ കൃഷി പിഴയ്ക്കും. കഴിഞ്ഞ വർഷങ്ങളിൽ ഓഗസ്റ്റിൽ നാട്ടിപ്പണി കഴിഞ്ഞതിനു പിന്നാലെയുണ്ടായ പ്രളയത്തിൽ നിരവധി ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. കൃഷിയിറക്കുന്നതു വൈകിയാൽ വിളവെടുപ്പും വൈകും. കഴിഞ്ഞ് രണ്ടു വർഷങ്ങളിലും കൊയ്ത്തുകാലം മഴയിൽ മുങ്ങി.
മഴക്കുറവുമൂലം പലരും പാടം തരിശിടുന്നത് ജില്ലയിൽ നെല്ല് ഉത്പാദനത്തെ ബാധിക്കും. ഇത് തിക്തഫലങ്ങൾക്ക് കാരണമാകുമെന്നു ജില്ലയിലെ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലും ജലസംരക്ഷണത്തിലും വൻ പ്രാധാന്യമാണ് നെൽക്കൃഷിക്കുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് പതിറ്റാണ്ടു മുമ്പ് വരെ ഏകദേശം അര ലക്ഷം ഹെക്ടറിലായിരുന്നു ജില്ലയിൽ നെൽകൃഷി. കാലപ്രയാണത്തിൽ നെല്ല് വിളയുന്ന വയലിന്റെ അളവ് കുറഞ്ഞു. വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് കർഷകരെ കൃഷിയിൽനിന്നു അകറ്റിയത്. ജലദൗർലഭ്യം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും കൃഷിക്കാരുടെ മനംമടുപ്പിനു കാരണമായി. ജില്ലയിൽ വെള്ളമുണ്ട, എടവക, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നൂറുക്കണക്കിനു ഹെക്ടർ പാടമാണ് വാഴകൃഷിക്കു വഴിമാറിയത്. ആവശ്യത്തിനു മഴ കിട്ടാത്തത് കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ ഉത്പാദനം ഗണ്യമായി കുറയുന്നതിനും ഇടയാക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.