Sorry, you need to enable JavaScript to visit this website.

മധ്യാഹ്ന വിശ്രമം: 450 നിയമലംഘനങ്ങൾ കണ്ടെത്തി

റിയാദ്- രണ്ടാഴ്ചക്കിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ സംഘങ്ങൾ നടത്തിയ ഫീൽഡ് പരിശോധനകളിൽ 450 മധ്യാഹ്ന വിശ്രമ നിയമലംഘനങ്ങൾ കണ്ടെത്തി. ജൂൺ 15 മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം നിലവിൽ വന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ട്. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക. ജൂൺ 15 മുതൽ കഴിഞ്ഞ ദിവസം വിവിധ പ്രവിശ്യകളിൽ നിർമാണ സ്ഥലങ്ങളിലും മറ്റും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിലാണ് 450 നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി മധ്യാഹ്ന വിശ്രമ നിയമം പാലിക്കണമെന്ന് തൊഴിലുടമകളോട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഉച്ച വിശ്രമ നിയമം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവിധ പ്രവിശ്യകളിൽ ഫീൽഡ് പരിശോധനകൾ തുടരും. മധ്യാഹ്ന വിശ്രമ നിയമലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ്പ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 


മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് 3000 റിയാൽ തോതിൽ പിഴ ചുമത്താൻ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 


 

Latest News