റിയാദ്- ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 20,000 റിയാലും അതിലധികവുമായി ഉയർന്നാൽ നിയമ ലംഘകരായ ഡ്രൈവർമാർക്കുള്ള സേവനങ്ങൾ ഒറ്റയടിക്ക് നിർത്തിവെക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 20,000 റിയാലിലെത്തിയ കാര്യം ഉണർത്തി ഡ്രൈവർമാർക്ക് എസ്.എം.എസ്സുകൾ ലഭിക്കുന്നുണ്ട്. ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് ഇത്തരക്കാർക്ക് എസ്.എം.എസ്സുകൾ അയക്കുന്നത്.
20,000 റിയാലും അതിൽ കൂടുതലുമുള്ള പിഴകൾ അടക്കാൻ നിയമ ലംഘകർക്ക് ആറു മാസത്തെ സാവകാശം നൽകാനും 75-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ആറു മാസത്തിനകം പിഴകൾ അടക്കാത്ത പക്ഷം 30 ദിവസത്തിനകം പിഴകൾ അടക്കൽ നിർബന്ധമാണെന്ന കാര്യം നിയമ ലംഘകരെ അറിയിക്കും. രണ്ടാമത് നൽകുന്ന സാവകാശം അനുസരിച്ച് ഒരു മാസത്തിനകം പിഴകൾ അടക്കാത്ത പക്ഷം ഇത്തരക്കാർക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്ന കാര്യം പരിശോധിക്കാൻ ഇവരുടെ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറുകയാണ് ചെയ്യുകയെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.