Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ സി.ഐ.എസ്.എഫ് ജവാൻമാർക്ക് കോവിഡ്; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

കണ്ണൂർ - കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 49 സി.ഐ.എസ്.എഫ് ജവാന്മാർക്കു കോവിഡ് ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശമനുസരിച്ച് ഉന്നത സി.ഐ.എസ്.എഫ് സംഘം അടുത്ത ദിവസം കണ്ണൂരിലെത്തും. കണ്ണൂർ റേഞ്ച് ഡി.ഐ.ജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവർ ഇവരുടെ ബാരക്കും വിമാനത്താവളവും സന്ദർശിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്ന് കിയാൽ അറിയിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസിച്ചാണ് രോഗ വ്യാപനത്തെക്കുറിച്ച് ഡപ്യുട്ടി ഡി.എം.ഒ ഡോ.ഇ.മോഹനന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചത്. ഇവർ സി.െഎ.എസ്.എഫ് ജവാന്മാർ താമസിക്കുന്ന വലിയ വെളിച്ചത്തെ ബാരക്കു സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അന്വേഷണത്തിനു ശേഷം ഡി.എം.ഒ മുഖേന ആരോഗ്യ വകുപ്പിനു റിപ്പോർട്ടു നൽകും. രോഗവ്യാപനം തടയാനുള്ള നടപടികളടക്കം പ്രത്യേക സംഘം നിർദ്ദേശിക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആശങ്ക അറിയിച്ചതനുസരിച്ച് ഉന്നത സി.െഎ.എസ്.എഫ് സംഘം കണ്ണൂരിൽ ഉടൻ എത്തുമെന്നാണ് വിവരം. അതിനിടെ പ്രാഥമിക നടപടിയുടെ ഭാഗമായി ഡി.ഐ.ജിയും എസ്.പിയും ബാരക്കും വിമാനത്താവളവും സന്ദർശിക്കുകയും അണുനാശന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും, ഈ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുമെന്ന് ഡി.ഐ.ജി സേതുരാമൻ  പറഞ്ഞു.
ലോക്ഡൗണിനു മുമ്പ് അവധിയിൽ പോയി തിരിച്ചെത്തിയ ഉത്തരേന്ത്യൻ സ്വദേശികളിൽനിന്നാണ് കോവിഡ് പകർന്നത്. തുടർന്ന് 50 ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. ഇവർക്കാണ് ഇപ്പോൾ രോഗബാധയുണ്ടായത്. ഇതില ഒരാൾ കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയിരുന്നു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമായതാണ് രോഗം വ്യാപിക്കാനുള്ള കാരണമെന്നാണ് പറയുന്നത്. 178 സി.ഐ.എസ്.എഫ് ജീവനക്കാരാണ് ഇവിടെയുള്ളത്. പൊതു ശുചിമുറി, മെസ് എന്നിവ ഉപയോഗിക്കുന്നത് രോഗ വ്യാപനത്തിനു കാരണമാവുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്കാണ് രോഗബാധയുണ്ടായത്. മാത്രമല്ല, വലിയവെളിച്ചത്തു നടന്ന ഒരു അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനു രോഗ ബാധയുണ്ടായതിനെത്തുടർന്ന്  ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൂട്ടത്തോടെ കോവിഡ് ബാധിച്ചത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് കിയാൽ അധികൃതർ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിലെ സി.െഎ.എസ്.എഫ് കേന്ദ്രം അടച്ചിടുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. സുരക്ഷക്കായി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി അണുവിമുക്ത പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

 

Latest News