കണ്ണൂർ - ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കു പ്ലാസ്മ ചികിത്സ നൽകണമെന്ന ആവശ്യം ശക്തമാവുന്നു. കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിലും, മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു പ്ലാസ്മാ തെറാപ്പി നൽകി ജീവൻ രക്ഷിച്ചതിനു പിന്നാലെ കൊല്ലത്തും ഇന്നലെ സമാനമായ ചികിത്സ നൽകി. മറ്റു ചികിത്സാ രീതികളേക്കാൾ റിസ്‌ക് കൂടുതലുണ്ടെങ്കിലും വിജയകരമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ള ദൽഹിയിൽ വ്യാപകമായി പ്ലാസ്മാ തെറാപ്പി ചികിത്സക്കൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള നിർദേശം.
ജൂൺ 20നാണ് കടുത്ത ന്യൂമോണിയ ബാധിതനായ കൂടാളി സ്വദേശിയായ പ്രവാസിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് സി -പാപ് വെന്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗം ഗുരുതരമാവാൻ സാധ്യതയുള്ളതിനാൽ കേരള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെയും എത്തിക്കൽ കമ്മിറ്റിയുടെയും അനുമതിയോടുകൂടി മെഡിക്കൽ ബോർഡിലെ വിദഗ്ദ്ധ ഡോക്ടർമാർ സങ്കീർണ്ണവും നൂതന ചികിത്സാ രീതിയുമായ പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽനിന്ന് പ്ലാസ്മ വേർതിരിച്ചാണ് ചികിത്സ നടത്തിയത്.
കോവിഡ് -19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ ഉള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സാ രീതിയാണ് ഇത്. രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും. ഈ ആന്റിബോഡികൾ രോഗം ബാധിച്ച രോഗിയിൽ വൈറസിനെതിരായി പ്രവർത്തിക്കും. ശരീരത്തിൽ ഓക്‌സിജന്റെ അളവിൽ 84 ശതമാനം താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്. ചികിത്സയ്ക്ക് പാർശ്വ ഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകൾ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടർമാർ ഇത് നൽകാറുള്ളൂ. രോഗമുക്തനായ വ്യക്തിയുടെ ശരീരത്തിൽ 28 ദിവസം മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇമ്യുണോഗ്ലോബിൻ ജി (ഐ.ജി.ജി) ആന്റി ബോഡി, ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതായിരിക്കും. ഈ സമയത്താണ് ഇവരിൽ നിന്നും രക്തം ശേഖരിച്ച് പ്ലാസ്മ അടക്കമുള്ള ഘടകങ്ങൾ വേർതിരിക്കുക. മറ്റു രോഗങ്ങൾ ഇല്ലാത്ത 18 വയസ്സു മുതൽ 50 വയസ്സു വരെയുള്ളവർക്കു പ്ലാസ്മ നൽകാനാവും. മനുഷ്യ ശരീരത്തിൽ, ഇമ്യുണോ ഗ്ലോബിൻ എം (െഎ.ജി.എം), ഇമ്യുണോ ഗ്ലോബിൻ ജി (ഐ.ജി.ജി)എന്നിങ്ങനെ രണ്ട് ആന്റി ബോഡിയാണ് ഉണ്ടാവുക. രോഗത്തിനെതിരെ ശരീരത്തിൽ ആദ്യം ഉൽപാദിപ്പിക്കപ്പെടുന്നതാണ് ഐ.ജി.എം. രോഗം ബാധിച്ച് നാലാമത്തെ ദിവസം മുതൽ ഇത് ഉൽപാദിപ്പിക്കപ്പെടും. 21 ദിവസമാവുമ്പോഴേക്കും ഉൽപാദനം പരമാവധിയിലെത്തും. തുടർന്നാണ് ഐ.ജി.ജി ഉൽപാദിക്കപ്പെടുക. ഇത് ദീർഘകാലം ശരീരത്തിലുണ്ടാവും. ചിക്കൻപോക്‌സ് അടക്കമുള്ള വൈറസ് ബാധയിൽ ഐ.ജി.ജി ജീവിതകാലം മുഴുവൻ ശരീരത്തിൽ നിലനിൽക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ നൽകുന്ന വിവരം.
കേരളത്തിൽ കോവിഡ് രോഗം ഭേദമായ മുഴുവൻ പേരുടെയും ആരോഗ്യസംബന്ധമായ വിവരങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൈയ്യിലുണ്ട്. അതു കൊണ്ടുതന്നെ പ്ലാസ്മ ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയല്ല. രോഗബാധിതരായി സുഖം പ്രാപിച്ചവർ സ്വമേധയാ തന്നെ പ്ലാസ്മ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്യും. രോഗിയുടെ ശരീരത്തിൽ ആന്റി ബോഡി കുറയുന്ന സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ പ്ലാസ്മാ തെറാപ്പി നൽകാനാവും. അതീവ ഗുരുതരാവസ്ഥയിലുളള രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ ചികിത്സാ രീതി സഹായിക്കുമെന്ന് കണ്ണരിലും മഞ്ചേരിയിലുമുണ്ടായ അനുഭവങ്ങൾ ഉദാഹരണമാണ്.