റിയാദ്- സമീപ കാലത്ത് ബാലിസ്റ്റിക് മിസൈലുകളും പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിച്ച് ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണങ്ങളെ യു.എൻ രക്ഷാസമിതി അംഗങ്ങൾ അപലപിച്ചു. ശത്രുതാപരമായ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനത്തെ പിന്തുണക്കുന്നതായും രക്ഷാസമിതി അംഗങ്ങൾ പറഞ്ഞു. യെമനിൽ വെടിനിർത്തൽ കരാറുണ്ടാക്കാനും, യു.എൻ പ്രമേയങ്ങൾക്കും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാനും യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നതായി യു.എൻ രക്ഷാസമിതി അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
സമാധാന ചർച്ചകൾ മന്ദഗതിയിലായതിൽ രക്ഷാസമിതി അംഗങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മധ്യസ്ഥ കക്ഷികൾ വഴി എത്തിച്ചേർന്ന നിർദേശങ്ങൾ വേഗത്തിൽ അംഗീകരിക്കണമെന്ന് യെമനിലെ വിരുദ്ധ കക്ഷികളോട് സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
യെമൻ ഗവൺമെന്റിനും ദക്ഷിണ യെമൻ ഇടക്കാല കൗൺസിലിനും (വിഘടനവാദികൾ) ഇടയിൽ സഖ്യസേനയുടെ നേതൃത്വത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും വെടിനിർത്തൽ നടപ്പാക്കാൻ സഖ്യസേനക്കു കീഴിലെ നിരീക്ഷകരെ വിന്യസിച്ചതും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സഖ്യസേന നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ ഇടക്കാല കൗൺസിലും റിയാദ് കരാർ എത്രയും വേഗം നടപ്പാക്കുകയും സമാധാനത്തിലേക്ക് തിരിച്ചുപോകാനുള്ള സദുദ്ദേശ്യം പ്രകടിപ്പിക്കുകയും വേണം.
എണ്ണ ടാങ്കറായ സാഫിർ ഓയിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിച്ചതിൽ രക്ഷാസമിതി അംഗങ്ങൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. എണ്ണ ടാങ്കർ സ്‌ഫോടനം യെമനിലും അയൽ രാജ്യങ്ങളിലും പാരിസ്ഥിതിക, സാമ്പത്തിക, മാനുഷിക ദുരന്തങ്ങളുണ്ടാക്കും. എണ്ണ ടാങ്കർ പരിശോധിക്കാനും ആവശ്യമായ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ടാങ്കറിൽനിന്ന് സുരക്ഷിതമായി എണ്ണ നീക്കം ചെയ്യാനുള്ള ശുപാർശകൾ സമർപ്പിക്കാനും യു.എന്നിനു കീഴിലെ സാങ്കേതിക വിദഗ്ധരെ ഹൂത്തികൾ നിരുപാധികം അനുവദിക്കണം. ഇക്കാര്യത്തിൽ യു.എന്നുമായി ഹൂത്തികൾ ശക്തമായി സഹകരിക്കണം.
യെമനിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കിടയിൽ കൊറോണ വ്യാപനം തടയാൻ പ്രാദേശിക കക്ഷികൾ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഉത്തര യെമനിൽ ആരോഗ്യ പ്രവർത്തകരുടെ ദൗത്യം എളുപ്പമാക്കണമെന്നും രക്ഷാസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
റിലീഫ് വസ്തുക്കൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നത് ഉടനടി അവസാനിപ്പിക്കുകയും ഫലപ്രദവും സുരക്ഷിതവുമായ രീതിയിൽ ദുരിതാശ്വാസ വസ്തുക്കൾ യെമനിലെങ്ങും എത്തിക്കാൻ അനുവദിക്കുകയും വേണം. റിലീഫ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മുന്നിൽ ഒരുവിധ തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല.
അൽഹുദൈദ തുറമുഖത്ത് വ്യവസ്ഥാപിതമായി ഇന്ധനം എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഇതിലൂടെ ലഭിക്കുന്ന വരുമാനം പൊതുമേഖലാ ജീവനക്കാരുടെ വേതന വിതരണത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും യു.എൻ ദൂതനുമായി യെമൻ കക്ഷികൾ സഹകരിക്കണം. അൽഹുദൈദ സമാധാന കരാർ നടപ്പാക്കാൻ യു.എൻ മിഷനുമായി ഇരു വിഭാഗവും സഹകരിക്കണം. യെമന്റെ ഐക്യവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത യു.എൻ രക്ഷാസമിതി അംഗങ്ങൾ പ്രസ്താവനയിൽ ആവർത്തിച്ചു.