റിയാദ്- വന്ദേഭാരതിന്റെ നാലാം ഘട്ടം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ രംഗത്ത്. ടിക്കറ്റ് ചാർജും മൂല്യവർധിത നികുതിയുമടക്കം ഏകദേശം 908 റിയാലാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്നത്. റിയാദ്, ദമാം, ജിദ്ദ സെക്ടറുകളിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇക്കുറി ഒരേ ടിക്കറ്റ് നിരക്കുമായാണ് എയർ ഇന്ത്യ പറക്കാനിരിക്കുന്നത്.
ജൂലൈ മൂന്നു മുതൽ പത്തുവരെയുള്ള തിയതികളിൽ 11 വിമാനങ്ങളാണ് സൗദിയിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഓരോ വിമാനങ്ങളിലേക്കുമുള്ള യാത്രക്കാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എംബസിയിൽ പുരോഗമിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് എംബസിയിൽ നിന്ന് വിളിയെത്തുന്നുണ്ട്. അവർ ഇന്ന് (ചൊവ്വ) മുതൽ എയർ ഇന്ത്യ ഓഫീസിൽ പോയി ടിക്കറ്റെടുക്കും. എയർ ഇന്ത്യ ഓഫീസിൽ ആൾകൂട്ടം ഒഴിവാക്കുന്നതിന് നിശ്ചിത ആളുകളെ മാത്രമേ ഓരോ ദിവസവും എംബസി വിളിച്ചറിയിക്കുന്നുള്ളൂ.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇതുവരെയുള്ള സർവീസുകളേക്കാൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതലായിരുന്നു നിരക്ക്. പിന്നീട് 1250 ലെത്തി. മൂന്നാം ഘട്ടം 1700 മുകളിലെത്തി റെക്കോർഡിട്ടു. ഓരോ സെക്ടറുകളിലേക്കും വ്യത്യസ്ത ചാർജുകളുമാണ് ഈടാക്കിയിരുന്നത്. കേരളേതര സംസ്ഥാനങ്ങളിലേക്ക് ഇക്കുറി 1200 റിയാലാണ് ഈടാക്കുന്നത്.
വന്ദേഭാരത് മിഷനിലെ ടിക്കറ്റ് വർധനക്കെതിരെ നാട്ടിലും സൗദിയിലും പ്രതിഷേധങ്ങളുണ്ടായി. കൂടുതൽ ചാർട്ടേഡ് വിമാനങ്ങളും വരും ദിവസങ്ങളിൽ കേരളത്തിലേക്ക് പറക്കുന്നുണ്ട്. വിമാന സർവീസിന് അനുമതി ലഭിച്ച സംഘടനകൾ യാത്രക്കാരെ സംഘടിപ്പിക്കാൻ സജീവമായി രംഗത്തുണ്ട്. എന്നാൽ ചാർട്ടേഡ് വിമാനങ്ങളിലെ വലിയ നിരക്ക് കാരണം പലരും യാത്രക്ക് തയ്യാറാവുന്നില്ല. സൗദിയിൽ നിന്ന് കൂടുതൽ വന്ദേഭാരത് സർവീസുകൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.