Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള  450 കോടി സർക്കാർ തടഞ്ഞുവെച്ചു -ഉമ്മൻ ചാണ്ടി 

തിരുവനന്തപുരം - സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തനങ്ങളും ചികിത്സയും മഴക്കാലപൂർവ ശുചീകരണ പരിപാടികളും നിലച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് നൽകാനുള്ള 450 കോടി രൂപ സർക്കാർ തടഞ്ഞുവെച്ചതോടെയാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ ആശുപത്രികളുടെയും പ്രവർത്തനത്തെ ഇത് ഗുരുതരമായി ബാധിച്ചു. കോവിഡ് 19നെതിരേയുള്ള പോരാട്ടം ശക്തമാക്കണമെങ്കിൽ ഈ പ്രതിസന്ധിക്ക് ഉടനെ പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് എൻ.എച്ച്.എമ്മിന് ഫണ്ട് നൽകുന്നത്. 2019-20ൽ കേന്ദ്രം 840 കോടിയും, കേരളം 560 കോടിയും എൻ.എച്ച്.എമ്മിനു അനുവദിച്ചിരുന്നു. ഇതിൽ 450 കോടി രൂപയാണ് സംസ്ഥാനം ഇപ്പോൾ എൻ.എച്ച്.എമ്മിനു നൽകാനുള്ളത്. ഇതോടെ ഈ വർഷം കേന്ദ്രത്തിൽ നിന്നുള്ള രണ്ടം ഗഡു ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. സംസ്ഥാനത്തിന്റെ വിഹിതം നൽകിയില്ലെങ്കിൽ ഫണ്ട് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ്‌വർധൻ മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരിയിൽ അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സ്പെഷൽ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്കും കത്തയച്ചു. എന്നാൽ ഇതുവരെ സംസ്ഥാനം ഫണ്ട് നൽകിയില്ല. 18 വയസിനു താഴെയുള്ളവർക്ക് നൽകുന്ന സൗജന്യ ചികിത്സയായ ആരോഗ്യകിരണം പദ്ധതി, പ്രസവവും തുടർന്നുള്ള ശുശ്രൂഷയും സൗജന്യമായി നൽകുന്ന അമ്മയും കുഞ്ഞും പദ്ധതി, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയ നിരവധി പരിപാടികളാണ് പ്രതിസന്ധിയിലായത്.


മഴക്കാലപൂർവ ശുചീകരണത്തിന് സർക്കാർ എൻ.എച്ച്.എം വഴി വാർഡ് ഒന്നിന് നൽകേണ്ട 10,000 രൂപ നൽകിയില്ല. തുടർന്ന് ശുചിത്വമിഷനും (10000 രൂപ), പഞ്ചായത്തും (5000) പണം നൽകിയില്ല. 12 വർഷമായി നടക്കുന്ന മഴക്കാലപൂർവ ശുചീകരണ പരിപാടി നിലച്ചതിനാൽ ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ഇപ്പോൾ കൂടുകയാണ്.  
തിരുവനന്തപുരം ജില്ലയിൽ മാത്രം സർക്കാർ ആശുപത്രികൾക്ക് 30.20 കോടി കിട്ടാനുണ്ട്. എല്ലാ ജില്ലകളിലും ഇതാണവസ്ഥ. ആശുപത്രികൾക്ക് പണം കിട്ടാത്തതിനാൽ മരുന്നുകടകൾ, സ്‌കാനിംഗ് സെന്ററുകൾ, ലബോറട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും പണം നൽകാനാകുന്നില്ല. വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ വിതരണവും നിലച്ചു.
കുട്ടികൾക്ക് മുടങ്ങാതെ നൽകേണ്ട വിറ്റാമിൻ എ പരിപാടിയും മീസിൽസ്, മംസ്, റൂബല്ല വാക്സിനും മാസങ്ങളായി മുടങ്ങി. കുട്ടികളുടെ കാഴ്ചശക്തിക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നൽകുന്നതാണ് വിറ്റാമിൻ എ. കേന്ദ്ര സർക്കാർ 1970 മുതൽ തുടർച്ചയായി നടത്തിവരുന്ന പരിപാടിയാണിത്. കോവിഡ് കാലത്ത് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഏറ്റവും ആവശ്യമായ വിറ്റാമിൻ എ നിഷേധിച്ചത്.


എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി നാലുവർഷമായി സംസ്ഥാനത്ത് ഒരിടത്തും കൂടിയിട്ടില്ല. എൻ.എച്ച്.എമ്മിനെ സർക്കാർ രാഷ്ട്രീയവത്കരിച്ചു. കാരുണ്യ ചികിത്സാ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മാറ്റി അഷ്വറൻസ് പദ്ധതിയാക്കുന്നത് സജ്ജീകരണങ്ങൾ ഏർപ്പെടുത്താതെയാണ്. പണം യഥേഷ്ടം ലഭിക്കാതെ വന്നാൽ പദ്ധതി നടപ്പാക്കുന്ന 402 ആശുപത്രികൾക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News