- 1964 ഒക്ടോബർ ഒമ്പതിനാണ് കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച 15 എം.എൽ.എമാർ ചേർന്ന് കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചത്. പി.ടി. ചാക്കോയും പി.ജെ. ജോസഫും ആർ. ബാലകൃഷ്ണ പിള്ളയും മറ്റു പ്രമുഖ നേതാക്കൾ. താമസിയാതെ കോൺഗ്രസിൽനിന്ന് കെ.എം. മാണിയും കേരള കോൺഗ്രസിലെത്തി.
- 1977 ൽ പിളർപ്പ്. നേതൃപദവി തർക്കത്തെത്തുടർന്ന് ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിച്ചു. 1977 ൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. യു.ഡി.എഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.
- 1979 ൽ പി.ജെ. ജോസഫിനോട് തെറ്റി കെ.എം. മാണി പാർട്ടി വിട്ട് കേരള കോൺഗ്രസ്സ് (എം) രൂപീകരിച്ചു. കേരള കോൺഗ്രസ് (എം) യു.ഡി.എഫിനൊപ്പം നിന്നു. ജോസഫിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എൽ.ഡി.എഫിൽ ചേർന്നു.
- 1980 ൽ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്കും ജോസഫും പാർട്ടിയും യു.ഡി.എഫിലേക്കും മറുകണ്ടം ചാടി.1982 ൽ മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരികെയെത്തി. 3 ഗ്രൂപ്പുകളും പ്രത്യേകം പാർട്ടികളായി യു.ഡി.എഫിൽ നിന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫ് മന്ത്രിസഭയിൽ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടി.എം. ജോക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.
- 1985 ൽ മൂന്നു പാർട്ടികളും ലയിച്ച് ഒന്നായി. 4 മന്ത്രിമാരും, 25 എം.എൽ.എമാരുമായി സംസ്ഥാന മന്ത്രിസഭയിലും യു.ഡി.എഫിലും സ്വാധീന ശക്തിയായി പാർട്ടി മാറി.1987 ൽ കെ.എം. മാണി വീണ്ടും മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം കേരള കോൺഗ്രസിൽ നിന്നെങ്കിലും ടി.എം. ജേക്കബ് മാണിക്കൊപ്പം ചേർന്നു.
- 1989 ൽ പി.ജെ. ജോസഫും കൂട്ടരും എൽ.ഡി.എഫിലേക്ക് പോയി. ബാലകൃഷ്ണപിള്ളയും കെ.എം. മാണിയും ഐക്യമുന്നണിയിൽത്തന്നെ നിലയുറപ്പിച്ചു. 1993 ൽ മാണിയുമായുള്ള ഭിന്നതയെത്തുടർന്ന് ജലസേചന മന്ത്രിയായിരുന്ന ടി.എം. ജേക്കബ് എം.എൽ.എമാരായ ജോണി നെല്ലൂരിനെയും, മാത്യൂ സ്റ്റീഫനെയും, പി.എം. മാത്യൂവിനെയും ചേർത്ത് കേരള കോൺഗ്രസ് (ജെ) രൂപീകരിച്ചു. ഇതോടെ മാണി ഗ്രൂപ്പ് പിളർന്നു.
- 1996 ൽ കേരള കോൺഗ്രസ് (ബി) പിളർന്നു. ജോസഫ് എം. പുതുശ്ശേരി വിഭാഗം ഒ.വി. ലൂക്കോസിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പിൽ ലയിച്ചു. 2001 ൽ കെ.എം. മാണിയോട് തെറ്റി പി.സി. ചാക്കോയുടെ മകൻ പി.സി. തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി ഐ.എഫ്.ഡി.പി രൂപീകരിച്ചു. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ തോൽപിച്ചു.
- 2003 ൽ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ പിളർത്തി പി.സി. ജോർജ് കേരള കോൺഗ്രസ് സെക്ക്യുലർ രൂപീകരിച്ചു. 2005 ൽ പി.സി. തോമസിന്റെ ഐ.എഫ്.ഡി.പി എൻ.ഡി.എയിൽ ചേർന്നെങ്കിലും പിന്നീട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചുകൊണ്ട് പിൻവാതിലിലൂടെ എൽ.ഡി.എഫിലെത്തി.
- 2005 ജേക്കബ് ഗ്രൂപ്പ് കെ. കരുണാകരന്റെ ഡി.ഐ.സിയിൽ ചേർന്നു, പക്ഷെ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.ഐ.സി കോൺഗ്രസ് മുന്നണിയിൽ തിരിച്ചെത്തി. പിന്നീട് എൻ.സി.പിയുമായി ലയിച്ച് കെ. കരുണാകരൻ മുന്നണി വിട്ടെങ്കിലും ജേക്കബ് യു.ഡി.എഫിൽത്തന്നെ നിന്നു.
- 2009 നവംമ്പർ 11 ന് പി.സി. ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണി ഗ്രൂപ്പിൽ ലയിച്ചു. 2010 ൽ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫിലെത്തി. ശേഷിച്ച പി.സി. തോമസും സുരേന്ദ്രൻ പിള്ളയും സ്‌കറിയാ തോമസിന്റെ നേതൃത്വത്തിൽ ലയനവിരുദ്ധ പാർട്ടിയായി എൽ.ഡി.എഫിൽത്തന്നെ നിന്നു. പിന്നീട് 2010 ൽ ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.
- 2015 ൽ ബാർ കോഴ വിവാദത്തെത്തുടർന്ന് പി.സി. ജോർജ് കേരള കോൺഗ്രസ് എം വിട്ട് പഴയ സെക്ക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ചു. 2016 മാർച്ച് 3 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) പിളർത്തി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് എൽ.ഡി.എഫിനൊപ്പം തെരഞ്ഞെടുപ്പ് നേരിട്ടു. വിജയിച്ചില്ല. കേരള കോൺഗ്രസ് ബിയും എൽ.ഡി.എഫിനോപ്പം നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. പി.സി. തോമസ് എൻ.ഡി.എയിലേക്ക് പോയി.
- 2016 ൽ കേരള കോൺഗ്രസ് (എം) യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി. 2018 ൽ രണ്ടു വർഷത്തിനു ശേഷം കേരള കോൺഗ്രസ് യു.ഡി.എഫിൽ തിരിച്ചെത്തി.