കോട്ടയം- കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് കോൺഗ്രസുമായി ഉടലെടുത്ത ഭിന്നതയെ തുടർന്ന് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിൽ നിന്നും പുറത്താകുമ്പോൾ ഒരു രാഷ്ട്രീയ ചരിത്രം കേരള കോൺഗ്രസിന്റെ തറവാടായ കോട്ടയത്ത് പിറക്കുന്നു. യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്ന പ്രമുഖ ഘടകക്ഷിയെ പാർട്ടി ലീഡർ കെ.എം. മാണി മരിച്ച് ഒരുവർഷത്തിനുള്ളിൽ പടിക്കുപുറത്താക്കുമ്പോൾ അത് സമാനതകളില്ലാത്ത ചരിത്രം കൂടി കുറിക്കുകയാണ്. ഇത് ഇനിയുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ തന്നെ മാറ്റം വരുത്തിയേക്കാം. ഇത് അനിവാര്യമെന്ന് യു.ഡി.എഫ് ആവർത്തിക്കുമ്പോൾ പി.ജെ. ജോസഫ് പക്ഷം ആഹ്ലാദത്തിലാണ്. തങ്ങളെ അംഗീകരിച്ച സന്തോഷത്തിൽ.
കോൺഗ്രസിന് ഗൂഢലക്ഷ്യമെന്ന് പറഞ്ഞ് 2016 ഓഗസ്റ്റ് ആറിന് ചരൽക്കുന്നിലെ നേതൃയോഗശേഷം മുന്നണി വിട്ടത് സാക്ഷാൽ കെ.എം. മാണിയായിരുന്നുവെങ്കിൽ നാലു വർഷങ്ങൾക്കു ശേഷം ജോസ് കെ. മാണി നയിക്കുന്ന വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കി. ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്നും യു.ഡി.എഫിന് നന്മ വരട്ടെയന്നും പ്രഖ്യാപിച്ചാണ് കെ.എം. മാണി അന്ന് യു.ഡി.എഫ് വിട്ടത്. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരുന്ന കെ.എം. മാണി 2018 ജൂൺ എട്ടിന് യു.ഡി.എഫിൽ തിരിച്ചെത്തി.
യു.ഡി.എഫുമായി മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് നടത്തിയ ചർച്ചയിലാണ് മാണി യു.ഡി.എഫിൽ തിരിച്ചെത്തിയത്. ഇതേതുടർന്ന് ജോസ് കെ. മാണി രാജ്യസഭാംഗമായി. തുടർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥിത്വത്തിനായി പി.ജെ. ജോസഫും അവകാശ വാദം ഉന്നയിച്ചെങ്കിലും തോമസ് ചാഴികാടനെ കെ.എം. മാണി തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തുടർന്ന് ആശുപത്രിയിലായ കേരള കോൺഗ്രസ് (എം) ചെയർമാൻ മാണി 2019 ഏപ്രിൽ 9 ന് അന്തരിച്ചതോടെയാണ് കേരള കോൺഗ്രസ് എമ്മിൽ പുതിയ പിളർപ്പിനുള്ള വഴിയൊരുങ്ങിയത്. ജൂൺ 16 കേരളാ കോൺഗ്രസ് (എം) വീണ്ടും രണ്ടായി പിളർന്ന് ജോസ് കെ. മാണിയെ പുതിയ ചെയർമാനായി പ്രഖ്യാപിച്ചു. ഇതോടെ ജോസഫ് വിഭാഗം ജോസ് വിഭാഗവുമായി കൊമ്പുകോർത്തു. പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിനെതിരെ പരസ്യമായി ജോസഫ് രംഗത്തു വന്നു.
ചിഹ്നം നൽകില്ലെന്ന് ജോസഫ് വിഭാഗം തീരുമാനം എടുത്തതോടെ പാർട്ടി രണ്ടു തട്ടിലായി. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലെത്തി. ജില്ലാ പഞ്ചായത്ത് പദവി ഒഴിയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
അങ്ങനെ ധാരണയില്ലെന്നായി ജോസ് പക്ഷം. പാലായിൽ യു.ഡി.എഫിനെ കാലുവാരിയവരുമായി ധാരണയില്ലെന്നായിരുന്നു നിലപാട്. ചങ്ങനാശ്ശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തിലും ജോസ് പക്ഷം ജോസഫിനെ അധ്യക്ഷ പദത്തിലേക്ക് പിന്തുണച്ചെങ്കിലും കോട്ടയം വിട്ടു നൽകിയില്ല. ഇത് യു.ഡി.എഫിൽ നിന്നുള്ള പുറത്താക്കലിലേക്കും നയിച്ചു.