റിയാദ്- ഒരു മാസത്തിനിടെ വാണിജ്യ മന്ത്രാലയം 61,000 ത്തിലേറെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. മെയ് 24 മുതൽ ജൂൺ 27 വരെയുള്ള കാലത്ത് സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഹൈപർമാർക്കറ്റുകൾ, മിനിമാർക്കറ്റുകൾ, മൊത്ത വ്യാപാര കേന്ദ്രങ്ങൾ, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ഫാർമസികൾ, ഇരുമ്പ് കമ്പികളും സിമന്റും കെട്ടിട നിർമാണ വസ്തുക്കളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, കാർ ഏജൻസികൾ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിൽ 61,000 ലേറെ ഫീൽഡ് പരിശോധനകളാണ് വാണിജ്യ മന്ത്രാലയ സംഘങ്ങൾ നടത്തിയത്. നിത്യോപയോഗ വസ്തുക്കളുടെയും മറ്റു ഉൽപന്നങ്ങളുടെയും ലഭ്യതയും വിലകളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പരിശോധനകൾക്കിടെ 7,081 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകർക്ക് തൽക്ഷണം പിഴകൾ ചുമത്തി.
വ്യാപാര സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തിയത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 9,649 പരിശോധനകൾ നടത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദിൽ 9,537 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 8,795 ഉം നാലാം സ്ഥാനത്തുള്ള അൽഖസീമിൽ 8,704 ഉം സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തി. മദീനയിൽ വ്യാപാര സ്ഥാപനങ്ങളിൽ 4,708 ഉം നജ്‌റാനിൽ 4,250 ഉം ഹായിലിൽ 4,000 വും അൽജൗഫിൽ 2,686 ഉം ജിസാനിൽ 2,476 ഉം അസീറിൽ 1,989 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 1,671 ഉം തബൂക്കിൽ 1,591 ഉം അൽബാഹയിൽ 1,192 ഉം പരിശോധനകൾ നടത്തി.
ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് തൽക്ഷണം പിഴകൾ ചുമത്തിയതും മക്ക പ്രവിശ്യയിലാണ്. ഇവിടെ 1,796 സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. രണ്ടാം സ്ഥാനത്തുള്ള റിയാദിൽ 1,222 സ്ഥാപനങ്ങൾക്കും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 972 സ്ഥാപനങ്ങൾക്കും നാലാം സ്ഥാനത്തുള്ള മദീനയിൽ 546 സ്ഥാപനങ്ങൾക്കും പിഴകൾ ചുമത്തി. ജിസാനിൽ 512 ഉം ഹായിലിൽ 453 ഉം അൽഖസീമിൽ 418 ഉം അസീറിൽ 347 ഉം അൽബാഹയിൽ 225 ഉം അൽജൗഫിൽ 211 ഉം തബൂക്കിൽ 161 ഉം നജ്‌റാനിൽ 143 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 75 ഉം സ്ഥാപനങ്ങൾക്കും ഉടനടി പിഴകൾ ചുമത്തി.
വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.