ബുറൈദ - ഒരാഴ്ചക്കിടെ അൽഖസീമിൽ 21 വ്യാപാര സ്ഥാപനങ്ങൾ അൽഖസീം നഗരസഭ അടപ്പിച്ചു. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകൾക്കിടെയാണ് നിയമലംഘനങ്ങൾക്ക് 21 സ്ഥാപനങ്ങൾ അൽഖസീം നഗരസഭ അടപ്പിച്ചത്. ഉപയോഗശൂന്യമായ എട്ടു ടൺ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
വ്യാപാര കേന്ദ്രങ്ങളിലും ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും ആരോഗ്യ വ്യവസ്ഥകളും മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞയാഴ്ച 14,000 ലേറെ സ്ഥാപനങ്ങളിൽ അൽഖസീം നഗരസഭ പരിശോധനകൾ നടത്തി. നിയമ ലംഘനങ്ങൾക്ക് 1,200 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അൽഖസീം മേയർ എൻജിനീയർ മുഹമ്മദ് ബിൻ മുബാറക് അൽമജലി പറഞ്ഞു. സെൻട്രൽ മാർക്കറ്റുകളിൽ പരിധിയിൽ കൂടുതൽ ഉപയോക്താക്കൾ ഒത്തുചേർന്നതുമായും താമസ്ഥലങ്ങളിൽ പരിധിയിൽ കൂടുതൽ വിദേശ തൊഴിലാളികൾ കഴിയുന്നതുമായും ബന്ധപ്പെട്ട 16 നിയമ ലംഘനങ്ങളും ആരോഗ്യ മുൻകരുതലുകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട 30 നിയമ ലംഘനങ്ങളും കഴിഞ്ഞയാഴ്ച അൽഖസീം നഗരസഭാ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയതായും മേയർ പറഞ്ഞു.