റിയാദ്- ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഉപയോക്താക്കൾക്ക് ലഭിക്കുന്ന തട്ടിപ്പ് എസ്.എം.എസുകൾക്കെതിരെ കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) മുന്നറിയിപ്പ് നൽകി. സാമയിൽ നിന്നുള്ളതാണെന്ന വ്യാജേന ഉപയോക്താക്കൾക്ക് തട്ടിപ്പ് എസ്.എം.എസുകൾ ലഭിക്കുന്നതായി സാമയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പുതുക്കാൻ ബന്ധപ്പെടേണ്ട നമ്പറുകളും എസ്.എം.എസ്സുകളിൽ അടങ്ങിയിട്ടുണ്ട്. ഈ നമ്പറുകൾ സാമയുടെതോ സൗദിയിലെ ബാങ്കുകളുടെതോ അല്ല.
ഉറവിടമറിയാത്ത ഇത്തരം എസ്.എം.എസ്സുകളുമായി പ്രതികരിക്കുന്നത് ഭീഷണിയാണ്. ബാങ്ക് ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാൻ സാമ ഉദ്യോഗസ്ഥർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉപയോക്താക്കളോട് ആവശ്യപ്പെടില്ല. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പുതുക്കൽ സാമ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴിയാണ് പൂർത്തിയാക്കുന്നത്. ഈ നടപടികൾ സാമ വഴിയല്ല സ്വീകരിക്കുന്നതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.