കൊച്ചി- നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതികളിലൊരാളായ മേക്കപ്പ്മാന്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ഹാരിസാണ് അറസ്റ്റിലായതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.ഹാരിസാണ് റഫീഖ് അടക്കമുള്ള പ്രതികളെ വിവാഹ ആലോചനക്കായി നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലിസ് കരുതുന്നത്.
പ്രതികള്‍ക്ക് നിലവില്‍ സെക്‌സ്‌റാക്കറ്റ് ബന്ധം കണ്ടെത്തിയിട്ടില്ലെന്നും ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷംന കേസില്‍ ആകെ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനിയും മൂന്ന് പേര്‍ കൂടി പിടിയാലാകാനുണ്ടെന്നാണ് വിവരം.
ഈ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തുമെന്നാണ് കരുതുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു. ഈ തട്ടിപ്പുസംഘത്തിന് സിനിമാ മേഖലയിലെ ചിലരുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. നാല് താരങ്ങളില്‍ നിന്ന് പോലിസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.