Sorry, you need to enable JavaScript to visit this website.

ലോക കേരള സഭ പിരിച്ചു വിടണം- ദമാം ഒ.ഐ.സി.സി

ദമാം-ലോക കേരള സഭയുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ ഉടന്‍ പിരിച്ചു വിടണമെന്നും, ഈ മഹാമാരിയുടെപ്രതിസന്ധിഘട്ടത്തിൽ പോലും നോക്കുകുത്തികളായി നിൽക്കുകയല്ലാതെ പ്രവാസികൾക്ക് ഗുണകരമായ എന്തെങ്കിലും ചെയ്യാൻ ലോക കേരള സഭക്ക് കഴിഞ്ഞില്ലെന്നും ഒ.ഐ.സി.സി ദമാം റീജിണൽ കമ്മറ്റി  നേതൃയോഗം പ്രസ്താവനയിൽ പറഞ്ഞു.ലോക കേരള സഭ അംഗങ്ങൾ എന്ന നിലയിൽ മേനി നടിച്ചു നടക്കുന്ന പലരുടെയും സാനിദ്ധ്യം പോലും പ്രവാസികൾക്കിടയിൽ കണ്ടില്ല. മലയാളി സംഘടനകൾ നടത്തുന്ന പരിപാടികളിൽ ലോക കേരള സഭാംഗം എന്ന നിലയിൽ കസേര തരപ്പെടുത്തുകയല്ലാതെ  ഇവരിൽ പലരും ചെയ്ത പ്രവർത്തനങ്ങൾ എന്താണെന്നറിയാൻ പ്രവാസി സമൂഹത്തിന് താല്പര്യമുണ്ടന്നും പാവപ്പെട്ട പ്രവാസികളുടെ പേരിൽ വിമാന ടിക്കറ്റും ഹോട്ടൽ താമസവും തരപ്പെടുത്തി ഫൈവ് സറ്റാർ ഭക്ഷണവും കഴിച്ചു വന്നതിനപ്പുറം പ്രവാസികൾക്ക് വേണ്ടി ചെറു ശബ്ദം ഉയർത്താൻ പോലും ഈ സഭക്ക് കഴിഞ്ഞില്ലന്നും ഒ.ഐ.സി.സി
കുറ്റപ്പെടുത്തി.
              
ഗൾഫ് മേഖലയിൽ നടന്ന കോവിഡ് സമാശ്വാസ പ്രവർത്തനങ്ങളിൽ ലോക കേരള സഭയുടെ ഒരു സഹായവുമുണ്ടായില്ല. ഈ മഹാമാരിയെ തുടർന്ന്് നിരവധി പ്രവാസികളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതിന് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് ഒരു ഇടപെടൽ പോലും ഉണ്ടായില്ല. നോർക്ക ചുമതലപ്പെടുത്തി എന്ന് പറയുന്ന ലീഗൽ കൺസൾട്ടുമാർ ഈ കാലയളവിൽ എന്താണ് ചെയ്തതെന്നറിയാനും സൗദിയിലെ പ്രവാസി മലയാളികൾക്ക് താൽ്പര്യമുണ്ടെന്നും ഈ സന്നിഗ്ദ ഘട്ടത്തിൽ രോഗികളായ പ്രവാസികൾക്ക് വേണ്ടി ആംബുലൻസ് സംവിധാനം ഒരുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാൻ ഇന്ത്യൻ എംബസിയിൽ സമ്മർദ്ദം ചെലുത്തുന്നതിന് ഒരു കത്തിടപാട് പോലും നടത്താൻ ഇവർക്കായില്ല. പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാൻ ബാധ്യസ്ഥരായവർ ആദ്യ വിമാനത്തിൽ തന്നെ സീറ്റു തരപ്പെടുത്തി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. രോഗ ബാധിതരായവർ ചികിത്സക്കും ഭക്ഷണത്തിനും വേണ്ടി നെട്ടോട്ടമോടുമ്പോൾ ഇന്ത്യൻ  എംബസിയുടെ ഇടപെടലുകൾ ഉറപ്പാക്കാൻ പോലും  ഇവർക്കായില്ലെന്നും ഇതു പോലുള്ള നിരവധി വിഷയങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിലും ലോക കേരള സഭാംഗങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതായും ഇവർ കുറ്റപ്പെടുത്തുന്നു.

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കൃത്യമായ കണക്കുകൾ എത്രയാണെന്ന് ലോക കേരള സഭാംഗങ്ങൾക്കു അറിയുമോ. സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളെ പൊതു സമൂഹത്തിൽ വെള്ളപൂശാനും സോഷ്യൽ മീഡിയയിൽ കൂടി സ്തുതി പാടാനും മാത്രമുള്ള ഒരു വേദിയായി ലോക കേരള സഭ അധഃപതിച്ചെന്നും കമ്മറ്റി കുറ്റപ്പെടുത്തി. സാമൂഹിക പ്രവർത്തകരും മലയാളി സംഘടനകളുടെ കൂട്ടായ്മകളുമാണ് കോവിഡ് കാലത്ത് പ്രവാസികളുടെ സഹായത്തിനെത്തിയത്. ഇവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഒ.ഐ.സി.സി റീജിണൽ കമ്മറ്റി അറിയിച്ചു .കേരള സർക്കാർ പ്രവാസി വിരുദ്ധ നിലപാടുകൾ ഉപേക്ഷിക്കണമെന്നും പരമാവധി  ആളുകൾക്ക് നാട്ടിലേക്കു മടങ്ങുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഒ.ഐ.സി.സി അഭ്യർത്ഥിച്ചു. ഓൺലൈനിൽ നടന്ന നേതൃ യോഗത്തിൽ റീജിണയൽ പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു .ഇ കെ സലിം , ഹനീഫ് റാവുത്തർ , ചന്ദ്രമോഹൻ , റഫീഖ് കൂട്ടിലങ്ങാടി , ഷിഹാബ് കായംകുളം , ഷംസു കൊല്ലം , റഷീദ് ഇയ്യാൽ , നിസ്സാർ  മാന്നാർ എന്നിവർ സംസാരിച്ചു.

 

Latest News