റിയാദ് - പഴയ ഇൻവോയ്‌സ് കുടിശ്ശികകൾ 50 ശതമാനം വരെ ഇളവോടെ തീർപ്പാക്കാൻ അവസരമൊരുക്കുന്ന പദ്ധതി സൗദി ടെലികോം കമ്പനി പ്രഖ്യാപിച്ചു. പഴയ ബിൽ കുടിശ്ശികകൾ എളുപ്പത്തിൽ തീർപ്പാക്കാൻ പുതിയ പദ്ധതി ഉപയോക്താക്കളെ സഹായിക്കും. പഴയ ബിൽ കുടിശ്ശികകൾ തീർപ്പാക്കുന്ന കാര്യത്തിൽ ഉപയോക്താക്കളുമായി ആശയ വിനിമയം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.ടി.സി പറഞ്ഞു. ഈയാവശ്യത്തോടെ ഉപയോക്താക്കളുമായി വേഗത്തിൽ ആശയ വിനിമയം നടത്താൻ പ്രത്യേക വിഭാഗം സ്ഥാപിച്ചിട്ടുമുണ്ട്. 2017 നും അതിനു മുമ്പും ഇഷ്യു ചെയ്ത, ഉപയോക്താക്കൾക്ക് അടക്കാൻ സാധിക്കാത്ത ബില്ലുകൾ തീർപ്പാക്കാനാണ് പുതിയ പദ്ധതിയിലൂടെ കമ്പനി ഉന്നമിടുന്നത്. ഇൻവോയ്‌സുകളിൽ ഇളവ് നൽകി ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതി സൗദി ടെലികോം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ആണ്.
അതേസമയം, ഹെൽത്ത് ക്വാറന്റൈനുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഇന്റർനെറ്റ്, കോൾ സേവനങ്ങൾ നൽകുന്നതായി എസ്.ടി.സി അറിയിച്ചു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഉപയോഗത്തിന് 129 സ്ഥാപനങ്ങളിൽ സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണയിൽനിന്ന് സംരക്ഷണം നേടുന്നതിനെ കുറിച്ച് ബോധവൽക്കരിക്കുന്ന, വ്യത്യസ്ത ഭാഷകളിലുള്ള 800 കോടി സന്ദേശങ്ങൾ ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഇതിനകം അയച്ചതായും എസ്.ടി.സി അറിയിച്ചു.