ജിദ്ദ - കഴിഞ്ഞ വർഷത്തെ ബലിപെരുന്നാൾ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തിൽ (ഖുതുബ) സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇമാമിനോട് ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഖതീബിനെതിരായ കേസിൽ കീഴ്‌ക്കോടതി വിധിച്ച വിധി അപ്പീൽ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ല എന്നതിന് ഖതീബ് രേഖാമൂലം ഉറപ്പുനൽകണമെന്നും സമാന നിയമ ലംഘനങ്ങൾ ആവർത്തിക്കരുതെന്നും ഖുതുബകളുമായും ഇമാമത്തുമായും ബന്ധപ്പെട്ട് ഇസ്‌ലാമികകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമ, നിർദേശങ്ങൾ പാലിക്കണമെന്നുമാണ് കീഴ്‌ക്കോടതി നേരത്തെ വിധിച്ചത്. പൊതുവികാരം ഇളക്കിവിടാനും ഭരണാധികാരികളും ഉന്നത പണ്ഡിതസഭയും തീർപ്പ് കൽപിച്ച ഒരു വിഷയം കുത്തിപ്പൊക്കാനും ഖതീബ് ശ്രമിച്ചെന്ന പബ്ലിക് പ്രോസിക്യൂഷന്റെ ആരോപണം കോടതി അംഗീകരിച്ചില്ല.
നിയമ, നിർദേശങ്ങൾ ലംഘിച്ചെന്നും പൊതുവികാരം ഇളക്കിവിടാൻ ശ്രമിച്ചെന്നും ഭരണാധികാരികളും ഉന്നത പണ്ഡിതസഭയും തീർപ്പ് കൽപിച്ച ഒരു കാര്യം വീണ്ടും വിവാദമാക്കി സമൂഹത്തിൽ കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിച്ചെന്നുമാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഇമാമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ. ഖുതുബ നടത്താൻ ഇദ്ദേഹത്തിന് ലൈസൻസില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. ബലിപെരുന്നാൾ നമസ്‌കാരത്തോടനുബന്ധിച്ച് ഖതീബ് നടത്തിയ ഖുതുബ കോടതി പരിശോധിച്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
സമ്പത്തും ആഡംബരങ്ങളും ബലികഴിക്കുന്ന, പുരുഷന്മാരുമായി ഇടകലർന്ന് ജോലി ചെയ്യുന്ന സെയിൽസ് ഗേളുകളായി മാറാനുള്ള വ്യർഥരായ ആളുകളുടെ ആഹ്വാനങ്ങളിൽ അകപ്പെടാത്ത പവിത്രയായ സ്ത്രീകളെ സമൂഹത്തിന് ഏറെ ആവശ്യമാണ്. സ്വന്തം ജീവിതസന്ധാരണത്തിന് സ്തനങ്ങൾ ഉപയോഗിക്കാതെ സ്വതന്ത്രയായ വനിത മരിക്കുമെന്ന് വനിതകൾ മനസ്സിലാക്കുന്നുണ്ടെന്നും മറ്റുമാണ് ഖുതുബയിൽ സ്ത്രീകളെ അവഹേളിക്കുന്ന നിലക്ക് ഇമാം പരാമർശിച്ചത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു.
സൗദിയിൽ വനിതകൾ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നതിനെയും വാഹനമോടിക്കുന്നതിനെയും പരോക്ഷമായി വിമർശിക്കുകയാണ് ഖതീബ് ചെയ്തത്. സംഭവം വലിയ വിവാദമായതോടെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി ഇമാമിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
കേസിന്റെ ഭാഗമായി നേരത്തെ ഇമാമിനെ അറസ്റ്റ് ചെയ്ത് പന്ത്രണ്ടു ദിവസം ജയിലിൽ അടച്ചിരുന്നു. പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കുകയായിരുന്നു. ദഅ്‌വ, ഉസൂലുദ്ദീൻ കോളേജ് ബിരുദധാരിയായ ഇമാം അധ്യാപകനായി വിരമിച്ചയാളാണ്. ഇദ്ദേഹം ഇസ്‌ലാമികകാര്യ മന്ത്രാലയ ജീവനക്കാരനല്ല. ഇമാമത്ത് നിൽക്കാനും ഖുതുബ നിർവഹിക്കാനും ലൈസൻസുമില്ല. പള്ളിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന വ്യക്തിയുടെ അപേക്ഷ പ്രകാരമാണ് ബലി പെരുന്നാളിന് ഇദ്ദേഹം ഖുതുബ നടത്തിയത്.
കേസിൽ കീഴ്‌ക്കോടതി പ്രഖ്യാപിച്ച വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മേൽകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇമാമിന് കൂടുതൽ കടുത്ത ശിക്ഷ വിധിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ ഇത് നിരാകരിച്ച അപ്പീൽ കോടതി കീഴ്‌കോടതി വിധി അതേപോലെ അംഗീകരിക്കുകയായിരുന്നു.