റിയാദ്- വിമാന കമ്പനികളും എയർപോർട്ടുകളിൽ ജോലി ചെയ്യുന്നവരും മുൻകരുതൽ, പ്രതിരോധ നടപടികളും ആരോഗ്യ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ശക്തമായ പരിശോധനകൾ നടത്തുന്നു. വീടുകളിൽനിന്ന് പുറത്തിറങ്ങുന്നതു മുതൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതു വരെ യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എയർപോർട്ടുകളിൽ പരിശോധനകൾ നടത്തുന്നത്.
നിയമ ലംഘനങ്ങളും പ്രധാന വീഴ്ചകളും നിരീക്ഷിക്കുന്ന ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സംഘങ്ങൾ ഇവക്ക് പരിഹാരം കാണാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ഫീൽഡ് പരിശോധനാ റിപ്പോർട്ടുകൾ പങ്കുവെക്കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ ഉപയോക്താക്കളുടെ സംതൃപ്തി എത്രമാത്രമാണെന്ന് വിലയിരുത്തുന്ന റിപ്പോർട്ടുകളും ഫീൽഡ് സംഘങ്ങൾ തയാറാക്കുന്നുണ്ട്. സേവന നിലവാരങ്ങളിൽ യാത്രക്കാരുടെ പരാതികളും റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തുന്നു.
ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചതോടെ സൗദിയിലെ 28 എയർപോർട്ടുകളിലും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ സൂക്ഷ്മവും കൃത്യവുമായ മാനദണ്ഡങ്ങൾ അതോറിറ്റി നടപ്പാക്കിയിട്ടുണ്ട്. മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കുന്നതിനും ഉയർന്ന ഗുണമേന്മയോടെയുള്ള മികച്ച സേവനങ്ങൾ നൽകുന്നതിനും അതോറിറ്റി മേൽനോട്ടം വഹിക്കുന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവരുന്ന സമയവും മുഴുവൻ സേവനങ്ങളും അവർക്ക് ലഭിക്കുന്നുണ്ടെന്നും അണുനശീകരണികൾ ലഭ്യമാണമെന്നും നിരീക്ഷിക്കുന്നുണ്ട്. സേവനങ്ങളിലുള്ള യാത്രക്കാരുടെ സംതൃപ്തിയെ കുറിച്ച അഭിപ്രായ സർവേക്ക് ക്യു.ആർ കോഡ് സാങ്കേതികവിദ്യയിലുള്ള ആധുനിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്.
ഉപകരണങ്ങൾ സ്പർശിക്കാതെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സേവന നിലവാരങ്ങളെ കുറിച്ച അഭിപ്രായ സർവേയിൽ പങ്കെടുക്കാൻ യാത്രക്കാർക്ക് സാധിക്കും.
സൗദിയിൽ വ്യോമഗതാഗത സംവിധാനം വികസിപ്പിക്കാനും കൊറോണ മഹാമാരിക്കിടെ ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് മുന്തിയ സേവനങ്ങൾ നൽകാനും സേവന നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നിരവധി ചുവടുവെപ്പുകൾ അതോറിറ്റി നടത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തി മുഴുവൻ പ്രതിരോധ നടപടികളും പാലിച്ച് യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയം കുറക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും എളുപ്പമാക്കാനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ശ്രമിച്ചുവരികയാണ്.