കൊച്ചി- സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നടൻ നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തിൽ നൽകിയ കുറിപ്പ് വിവാദമായ പശ്ചാത്തലത്തിൽ നീരജ് താര സംഘടനയായ അമ്മയ്ക്ക് നൽകിയ വിശദീകരണത്തിലാണ് താരം ആരോപണത്തിൽ ഉറച്ചു നിന്നത്. എന്നാൽ ആരുടെയും പേര് പരാമർശിക്കാൻ നീരജ് തയ്യാറായില്ല. നീരജിന്റെ വിശദീകരണം അമ്മ നേതൃത്വം ഫെഫ്കയ്ക്ക് കൈമാറിയെന്നാണ് വിവരം.
തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ലെന്നും അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നുമാണ് നീരജ് കൊടുത്ത മറുപടിയിലുള്ളത്. അങ്ങനെയുള്ള സംഘത്തിൽ പെട്ട വ്യക്തികളുടെ പേര് പറഞ്ഞാൽ അവർക്കെതിരെ നിലപാടെടുക്കും എന്നായിരുന്നു അണിയറ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക വ്യക്തമാക്കിയിരുന്നത്. കൂടാതെ ഒരു പ്രൊഡക്ഷൻ കൺട്രോളറെയും നീരജ് മാധവ് തന്റെ കുറിപ്പിൽ വിമർശിച്ചിരുന്നു. അയാളുടെ പേര് നീരജ് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരാളെ തനിക്ക് വെളിപ്പെടുത്താനും പറയാനുമില്ലെന്നും നീരജ് വിശദീകരിച്ചു.
അതേസമയം മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എക്‌സിക്യൂട്ടിവ് യൂണിയന് ഫെഫ്ക കത്ത് നൽകി. മലയാള സിനിമയിൽ ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്നും മാഫിയ സംഘങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ചെറുക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞു.
തൊഴിൽപരമായ സംരക്ഷണം എല്ലാവർക്കും നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിന്റെയും ഷംന കാസിം വിവാദത്തിന്റെയും അടിസ്ഥാനത്തിലാണ് ഫെഫ്ക കത്തയച്ചത്. ഷംന കാസിം വിവാദത്തിൽ മലയാള സിനിമയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഫെഫ്ക പരിശോധിക്കും.