Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം: സഹലിനെ സാക്ഷികൾ തിരിച്ചറിഞ്ഞു

കൊച്ചി-എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സഹൽ ഹംസയെ(23) സാക്ഷികൾ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താൻ സഹൽ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വേമ്പനാട്ട് കായലിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തി.
കേസിലെ പ്രധാന സാക്ഷികളിൽ ഏഴുപേരാണ് സഹലിനെ തിരിച്ചറിഞ്ഞത്. എറണാകുളത്തെ പ്രത്യേക കേന്ദ്രത്തിലെത്തിച്ചായിരുന്നു പരേഡ് നടത്തിയത്. ഞായറാഴ്ച രാവിലെ 9.30ന് വെണ്ടുരുത്തി പാലത്തിന് സമീപത്താണ് അഗ്നി രക്ഷാസേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധിച്ചത്. മെറ്റൽ ഡിറ്റക്ടർ, ടോർച്ച് എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂർ തെരഞ്ഞിട്ടും ആയുധം കണ്ടെടുക്കാനായില്ല. ശക്തമായ ഒഴുക്കും കൂടുതൽ പരിശോധന്ക്ക് തടസ്സമായി. എക്കൽ വന്ന് അടിഞ്ഞതിനാൽ ആയുധം കണ്ടെടുക്കാൻ വീണ്ടും പരിശോധിക്കുമെന്നും എ.സി.പി എസ്.ടി സുരേഷ്‌കുമാർ പറഞ്ഞു. കൊലയ്ക്ക് ശേഷം സഹലും മറ്റ് നാലു പ്രതികളും ഓട്ടോയിൽ കയറി തോപ്പുംപടി ഭാഗത്തേ്ക്കാണ് പോയത്. വെണ്ടുരുത്തി പാലത്തിലെത്തിയപ്പോൾ ആയുധം കായലിലെറിഞ്ഞെന്നാണ് സാക്ഷി മൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്ത്രവും സഹൽ കായലിലേക്ക് എറിഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്യലിലും സഹൽ പറഞ്ഞതായാണ് സുചന. ചുള്ളിക്കലിലെത്തിയ സംഘം  പലവഴിക്കായി പിരിഞ്ഞു. പിന്നീടാണ് കർണാടകയിലേക്ക് കടന്നത്. ഷിമോഗ, ബംഗളുരു, ഏർവാടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും എസിപി വ്യക്തമാക്കി.
തോപ്പുംപടിയിലെ പെട്രോൾ പമ്പിലെയും ചുള്ളിക്കലിലെയും സി.സി.ടി.വി കാമറകളിൽ സഹലിന്റെയും മറ്റ് പ്രതികളുടെയും ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. 30 വരെയാണ് കേസിലെ പത്താം പ്രതിയായ സഹലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഇയാളുടെ ആദ്യ റിമാൻഡ് കാലാവധി ജൂലൈ രണ്ടിന് തീരും. കൂടുതൽ അന്വേഷണങ്ങൾക്കായി സഹലിനെ വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകും.

 

Latest News