അബുദാബി- യു.എ.ഇയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കോവിഡ് ബാധിതര്‍ ഇല്ലാതെയാകുന്നു. അബുദാബിയില്‍ മാത്രം 11 സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളില്ല. സുഖം പ്രാപിച്ച് ആശുപത്രി വിടുന്നവരുടെ എണ്ണം കൂടിയതും പുതുതായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതുമാണ് കാരണം.
രോഗബാധിതരില്‍ ഏറെപ്പേര്‍ക്കും ഗുരുതരമാകുന്നില്ലെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പലരും വീചട്‌വീട്ടില്‍ തന്നെ ചികിത്സയിലിരിക്കുന്നു. അബുദാബിയിലെയും അല്‍ഐനിലെയും വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികളില്ല. ഫീല്‍ഡ് ആശുപത്രികളിലും രോഗികളൊഴിയുകയാണ്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസഫ മേഖല കോവിഡ് മുക്തമായി. ഇവിടെയുള്ളവര്‍ രാജ്യത്തോടും ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി പറയുന്ന വീഡിയോ അബുദാബി മീഡിയ ഓഫിസ് ട്വിറ്ററില്‍ പങ്കുവച്ചു.