രാവിലെ എഴുന്നേൽക്കും. കുളിക്കും, കഴിക്കും, കിടക്കും, വീണ്ടും എഴുന്നേൽക്കും, കുളിക്കും, കഴിക്കും, കിടക്കും. ഇതു തന്നെ എന്റെയെന്നല്ല, ഒട്ടുമിക്ക ദുബായ് മലയാളികളുടെയും ഇപ്പോഴത്തെ ജീവിതം. സമയത്തിന് പൊന്നിന്റെ വിലയുമായി ഓടിനടന്ന ഓരോ ദുബായിക്കാരെയും പാഠം പഠിപ്പിക്കാനായി അവതരിച്ച കലിയുടെ മോഡേൺ ഇൻവിസിബിൾ വെർഷൻ കൊറോണക്കാലം.
അങ്ങനെയിരുന്ന് വെയിറ്റ് അഞ്ചും പത്തുമൊന്നുമല്ല കൂടിയിരിക്കുന്നത്. പതിനെട്ടു കിലോ.
കവിള് ചാടി, മുഖം തുടുത്തു. എഴുന്നേറ്റു നിന്നാൽ മുട്ടിനു കഴപ്പ്. അങ്ങിരുന്നു പോകും. വീട്ടുകാർക്ക് ഫോൺ ചെയ്യുമ്പോൾ അതു മാത്രമൊരു സമാധാനം.
ഭാര്യയും പിള്ളേരും നോക്കുമ്പോൾ 'ഞാൻ ചുവന്നു തുടുത്തിരിക്കുന്നു. റംബൂട്ടാൻ പഴം പോലെ'. ഞാൻ ചിരിക്കുകേം ചെയ്യും. അല്ലേലും നമ്മുടെ ദുഃഖം ആരെയും അറിയിക്കേണ്ട.
നിസ്സഹായത മനുഷ്യൻ നേരിടുന്നത് പല വിധത്തിലാണ്. അൽ ഐനിലെ മഷ്‌റൂഫ് പാർക്കിൽ എഴുതിവെച്ചിട്ടുണ്ട് 'സദാ പുഞ്ചിരിക്കൂ കുഞ്ഞേ' എന്ന്. അങ്ങനെ ഞാൻ ശ്രമിക്കാറുമുണ്ട്. കുട്ടിക്കാലത്തെ സന്തോഷം മമ്മൂട്ടി പടങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഞാനൊരു മോഹൻലാൽ ഫാനായി. കട്ടിലിൽ മലർന്നു കിടന്ന് സിനിമ, സിനിമ, വീണ്ടും സിനിമ. ഇപ്പോൾ പണ്ട് പൂമ്പാറ്റയിൽ വായിച്ച ലഡ്ഡു കഥ ഓർമ വന്നു. ഒരാൾക്ക് ലഡു ഇഷ്ടം. മറ്റൊരാൾക്ക് ജിലേബിയും. രണ്ടുപേരും അടിപിടിയായി, തമ്മിലടിയായി. അവസാനം സംഗതി കോടതിയിലെത്തി. ജഡ്ജി രണ്ടും കൊണ്ടുവരാൻ പറഞ്ഞു.
ശിപായി ഒരു തളികയിൽ ലഡ്ഡുവും മറ്റൊന്നിൽ ജിലേബിയും കൊണ്ടുവെച്ചു. ജഡ്ജി രണ്ടും കഴിച്ചു. എന്നിട്ട് ജഡ്ജ്‌മെന്റ് നടത്തി. രണ്ടും കൊള്ളാം. ലഡുവും ജിലേബിയും. അതുപോലെ കൊറോണ കാരണം ഞാൻ ഒരേസമയം രണ്ടു പേരുടെയും ഫാനായി, ലാലേട്ടന്റെയും മമ്മുക്കയുടെയും.
ഞാനെന്തായാലും നാട്ടിൽ പോകുന്നില്ല. മിക്കവാറും എല്ലാ മലയാളികളും വിമാനം കാത്തിരിക്കുകയാ. ഇവിടെ നിൽക്കുന്നവന് അവസരം. സുവർണാവസരം.
ഈ ദുരന്തത്തെ അതിജീവിച്ചു നിൽക്കുന്നവന് അവസരങ്ങളുടെ ചാകര എന്നൊക്കെ സമാധാനിക്കാം. പക്ഷേ, ഞങ്ങളുടെ കമ്പനിയിൽ തന്നെയുണ്ട് പകുതിയോളം പേർക്ക് ടെസ്റ്റ് പോസിറ്റീവ്. പക്ഷേ, ആർക്കും ഒരു കുഴപ്പവുമില്ല. ഇത്രേയുള്ളോ കൊറോണ. എങ്കിൽ വരട്ടെ...വന്നിട്ടു പോട്ടെ' എന്ന മനോഭാവം. അങ്ങനെ അല്ലെങ്കിലും ഈ ഠാവട്ടം പോലെയുള്ള എമിറേറ്റ്‌സിൽ സാമൂഹിക അകലം പാലിക്കാൻ. അതു മാത്രമല്ല, ബിസിനസ് പോയാൽ പോയതാ. നാളെ അത് തിരിച്ചുപിടിക്കാൻ പ്രയാസമാകും. അതുകൊണ്ട് ഇപ്പോൾ എല്ലാം തുറന്നു, മാളും ബാറും സിനിമാ തിേയറ്ററും എല്ലാം. ചുരുക്കം ചില ആളു കൂടുന്നിടമൊഴിച്ച്. റൂം മേറ്റ് പറയുകയാ 'പോസിറ്റീവ് ആണെങ്കിൽ രക്ഷപ്പെട്ടു. മൂന്നു നേരം ആഹാരം സുഭിക്ഷം. സമയാസമയം ഹെൽത്ത് ഡ്രിങ്ക്, വിറ്റാമിൻ സി ടാബ്‌ലറ്റ് ഇവയെല്ലാം കഴിച്ചു 15 ദിവസം വിത്ത് കമ്പനി സാലറിയോടെ സർക്കാർ വക 'സുഖവാസം.' പാവം അവനങ്ങനെ പറയുന്നതിൽ കാര്യമില്ലാതില്ല. പലരും ഒരു നേരമാണിപ്പോൾ ഭക്ഷണം കഴിക്കുന്നത്. ജോലിയില്ല, ശമ്പളമില്ല. ചിലർ റിസൈൻ ചെയ്തു. എന്തിനെന്നോ? ഒരു എമൗണ്ട് കിട്ടും ചെലവിന്. ഇന്ന് ജീവിക്കട്ടെ, നാളെ വരുമ്പോലെ കാണാം എന്ന ശുഭാപ്തി വിശ്വാസം. അതു മാത്രമല്ല, ദിവസം സർക്കാർ ക്വാറന്റൈൻ കഴിഞ്ഞുവരുന്ന ഓരോരുത്തരെ കണ്ടിട്ട് ഞാൻ തന്നെ കരുതി 'ഡാ..ഇത് കൊള്ളാമല്ലോ...' തിന്നുകൊഴുത്തു തക്കിടിമുണ്ടന്മാരായി വരുന്നു.
ഇന്ന് രാവിലെ കമ്പനിയാപ്പീസിൽ പോകവേ ആരോഗ്യ പ്രവർത്തകർ പി.പി.ഇ കോട്ടുമിട്ട് ലേബർ ക്യാമ്പുകളിൽ സ്വാബ് ടെസ്റ്റ് നടത്തുന്നു. ഉച്ചക്ക് കഴിക്കാൻ കോട്ട് ഊരിയെറിയുന്ന അവർക്ക് എന്തെന്നില്ലാത്ത ആശ്വാസം. പ്രഷർ കുക്കറിൽനിന്ന് പുറത്തു വരുന്ന പോലെ, അത്രക്കുണ്ട് ചൂടിവിടെയിപ്പോൾ. ഡോക്ടർമാർ ഏഴ് മീറ്ററകലെയിരുന്നു ചോദിക്കും: 'എന്താ രോഗം'. എന്നിട്ട് രോഗത്തിന്റെ മരുന്ന് കുറിക്കും.
'ആ പോ ...'. അതാണ് ക്ലിനിക്.
ഹിന്ദിക്കാരുടെ കാര്യം തമാശയാ. ചിലർ സാനിറ്റൈസർ ഇട്ടു പാത്രങ്ങൾ കഴുകും. ചിലർ മാസ്‌കും ഗ്ലൗസും മാറ്റിയിട്ടു സോപ്പിട്ടു കൈ കഴുകീട്ടു പറയും 'കൊറോണ പോയി...' പിന്നെ ഫ്രീയായി വെളിയിൽ തന്നെ എന്തുമെടുത്തു നടക്കും. മറ്റു ചിലർക്ക് നെഗറ്റീവ് റിസൽട്ട് വന്നാൽ പിന്നെ 'എല്ലാം ഓക്കെ'യായി. ഇനി വരില്ല.
'ഞാൻ കൊറോണ റെസിസ്റ്റന്റ്' എന്ന് പറഞ്ഞുനടക്കും തുള്ളിച്ചാടി.
അങ്ങനെ പോകുന്നു ദുബായ് ജീവിതം. ഒരു നഴ്‌സ് പറഞ്ഞ പോലെ: 'ഇവിടെ ഞങ്ങളുണ്ട്, കൊറോണയുമുണ്ട്, പിന്നെ ഓരോ ശ്വാസത്തിലും കൊറോണയുടെ ധൂമപടലങ്ങളും'.
ഞാൻ ഇതെല്ലാം കണ്ടും കേട്ടും സദാ പുഞ്ചിരിക്കാൻ ശ്രമിക്കും, പക്ഷേ...
കഥ