ആലപ്പുഴ- മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട എല്ലാ കേസിലും തന്നെ കുടുക്കാൻ ശ്രമമെന്ന് എസ്.എൻ.ഡി.പി നേതാവ് കെ.കെ. മഹേശന്റെ ആത്മഹത്യാക്കുറിപ്പ്. വീട്ടിലെ തെളിവെടുപ്പിനിടെയാണ്് ഈ കത്ത് ഭാര്യ പോലീസിന് കൈമാറിയത്. നിരന്തരമായ പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യയെന്നും കത്തിലുണ്ട്. കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയാണ് ഉഷാദേവിയുടെ മൊഴി എടുത്തത്. ഇന്നലെ യൂണിയൻ ഓഫിസ് ജീവനക്കാരുടെയും മഹേശനുമായി അടുപ്പമുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴികൾ നേരത്തേ എടുത്തിരുന്നു. ആത്മഹത്യാ കുറിപ്പിൽ മഹേശൻ സൂചിപ്പിച്ച വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണു കുടുംബത്തിന്റെ ആവശ്യം. മഹേശന്റെ ഫോൺ വിളികളുടെ വിശദവിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിനു പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചു.
അതേസമയം, അറസ്റ്റ് ഭയന്നാണ് മഹേശന്റെ ആത്മഹത്യയെന്നാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം. കത്തിലെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. കാര്യങ്ങൾ അണികളെ ബോധ്യപ്പെടുത്താൻ എല്ലാ ജില്ലകളിലും യോഗം നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.