കൽപറ്റ- മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിൽ കഴിഞ്ഞ മഴക്കാലത്തെ ഉരുൾപൊട്ടലിനെത്തുടർന്നു നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്നു സി.പി.എം ഏരിയാ സെക്രട്ടറി എം. മധു വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്നു അദ്ദേഹം പറഞ്ഞു.
പുത്തുമലയിൽ പ്രകൃതിദുരന്തത്തിനു പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികൾ, അടുത്തകാലത്തു നടത്തിയ മരം ലേലം, പുഴകളിലും തോടുകളിലും അടിഞ്ഞ എക്കലും അവശിഷ്ടങ്ങളും നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയർന്നത്.
മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു പ്രവൃത്തികൾ നടത്തിയതു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ്. മരം ലേലം റവന്യൂ വകുപ്പാണ് നടത്തിയത്. ഇക്കാര്യം യു.ഡി.എഫ് നേതാക്കൾക്കു അറിയാം. എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. പ്രവൃത്തികളിൽ അഴിമതിയുണ്ടെങ്കിൽ വിശദാന്വേഷണത്തിലൂടെ കണ്ടെത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പുഴകളിലും തോടുകളിലും അടിഞ്ഞ എക്കലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചതനുസരിച്ചാണ് ടെൻഡർ ചെയ്തത്. പഞ്ചായത്ത് ഭരണസമിതിക്കു ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ല. മേപ്പാടി പഞ്ചായത്തിൽ പ്രളയാനന്തര പ്രവർത്തനങ്ങൾ വളരെ നല്ലനിലയിലാണ് നടന്നത്. ഇതിന്റെ പേരിൽ പഞ്ചായത്ത് ഭരണസമിതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചതാണെന്നും മധു പറഞ്ഞു. സി.പി.എം പ്രവർത്തകരായ കെ.വി. നോദ്, അബ്ദുറഹ്മാൻ, കെ. അനീഷ് എന്നിവരും പങ്കെടുത്തു.