ദുബായ്- യു.എ.ഇ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും നിരവധി ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കം അത്യാവശ്യക്കാര്‍ തിരിച്ചുപോകുകയും ചെയ്തതോടെ, നിലവില്‍ ബുക്ക് ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആവശ്യത്തിന് യാത്രക്കാരില്ലാതായി. യാത്രക്കാര്‍ കുറഞ്ഞാല്‍ വന്‍നഷ്ടം സംഭവിക്കുമെന്നതിനാല്‍ ആളെപ്പിടിക്കാന്‍ സംഘടനകളും ട്രാവല്‍ ഏജന്‍സികളും രംഗത്തിറങ്ങി.
യു.എ.ഇ. പഴയനിലയിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനവും പ്രചാരണവും വന്നതോടെ പലരും യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്. മിക്കവരും കുടുംബങ്ങളെ നാട്ടിലേക്കയച്ച് യു.എ.ഇ. യില്‍ത്തന്നെ പിടിച്ചുനില്‍ക്കാനുള്ള പ്രയത്‌നത്തിലാണ്. നാട്ടിലേക്ക് പോയാല്‍ എപ്പോള്‍ തിരിച്ചെത്താനാവും എന്നതിലെ അനിശ്ചിതത്വവും കുറെപ്പേരുടെ യാത്ര മാറ്റിവെക്കാന്‍ കാരണമായി.
ഓരോ ദിവസവും രണ്ടോ മൂന്നോ സീറ്റുകള്‍ ഒഴിവുണ്ടെന്ന് കാണിച്ച് ട്രാവല്‍ ഏജന്‍സികള്‍ വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു. വിവിധ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളാണ് നാട്ടിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നത്. ഇതിനായി ഏതെങ്കിലും ട്രാവല്‍ ഏജന്റുമാരുടെ സഹായവും അവര്‍ തേടുന്നു. ചില ഏജന്‍സികള്‍ മുന്‍കൂട്ടിത്തന്നെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനുള്ള അനുമതി വാങ്ങിയിരുന്നു.
പഞ്ചായത്ത് തലത്തിലുള്ള കൂട്ടായ്മകള്‍വരെ എല്ലാ ഗള്‍ഫ് നാടുകളില്‍നിന്നുമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. പെട്ടെന്ന് നിരവധി വിമാനങ്ങള്‍ ഇത്തരത്തില്‍ എത്തിയതോടെ അത്യാവശ്യക്കാര്‍ക്കെല്ലാം പെട്ടെന്നുതന്നെ യാത്രചെയ്യാനുള്ള വഴി തുറന്നു. ഇതോടെ ആദ്യ നാളുകളിലെ തള്ളിന് കുറവു വന്നിട്ടുണ്ട്.