ബുറൈദ- ദുരൂഹ സാഹചര്യത്തിൽ കാണാതായ 15 ക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുന്നു. കിഴക്കൻ ബുറൈദയിൽ അൽറയാൻ ഡിസ്ട്രിക്ടിലെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. കിയ ഇനത്തിൽ പെട്ട കാറിൽ പെൺകുട്ടി കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഫർണിഷ്ഡ് അപാർട്ട്‌മെന്റിലെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് പെൺകുട്ടി വീടു വിട്ടത്. പെൺകുട്ടിയെ കാണാതായ ഉടൻ തന്നെ കുടുംബം സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചിരുന്നു. 14 ദിവസമായി സുരക്ഷാ വകുപ്പുകൾ നടത്തിവരുന്ന അന്വേഷണത്തിലൂടെ ഇതുവരെ പെൺകുട്ടിയെ കുറിച്ച ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല.
വീട് വിട്ടുപോകേണ്ട ഒരു സാഹചര്യവും മകൾക്കുണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. മകൾക്ക് മാനസിക രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട് വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന നിലക്ക് ഗാർഹിക പീഡനങ്ങളും മകൾ നേരിട്ടിരുന്നില്ല. ഇന്റർമീഡിയറ്റ് മൂന്നാം ക്ലാസ് ഉയർന്ന മാർക്കോടെ വിജയിച്ച മകൾക്ക് എല്ലാവരുടെയും പ്രത്യേക പരിഗണനയും ശ്രദ്ധയും ലഭിച്ചിരുന്നു. മകൾക്കു വേണ്ടിയുള്ള അന്വേഷണം അൽഖസീം ഗവർണറേറ്റും പോലീസും ഊർജിതമാക്കണം. മകളെ കെണിയിൽ വീഴ്ത്തിയവർക്കും രഹസ്യമായി പാർപ്പിക്കുന്നവർക്കുമെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.