കോട്ടയം- വൈക്കത്ത് കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് നാട്ടകത്ത് വെച്ച് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് വൈക്കത്ത് നിന്ന് കാണാതായ ജിഷ്ണു ഹരിദാസ് എന്ന ഇരുപത്തിമൂന്നുകാരന്റേതാണെന്ന് കണ്ടെത്തിയിരുന്നു.
ജിഷ്ണുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. മകന്റെ തീരോധാനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
കുമരകത്തെ ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.ജൂണ്‍ മൂന്നാം തീയതി മുതലാണ് യുവാവിനെ കാണാതായാത്. കോട്ടയം നാട്ടകത്ത് മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് ഇന്നലെ ജീര്‍ണിച്ച നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീടാണ് ഇത് ജിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയ സമീപത്തിലെ മരത്തില്‍ തുണി കൊണ്ട് കുരുക്കും ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ ഷര്‍ട്ടും മരത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചു.