മലപ്പുറം- സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരൻ മലപ്പുറത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്തി. കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലറാണ് കമ്മറ്റിക്ക്് മുന്നിലെത്തിച്ചത്. കുട്ടി ട്രാൻസ്‌ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്‌കർ ഒരു മാസത്തേക്കു ട്രാൻസ്‌ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു. വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. തുടർന്ന് കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കി. എല്ലാവരിൽനിന്നും വിശദമായി മൊഴിയെടുക്കുകയും ചെയത. പിന്നീടാണ് ട്രാൻസ്‌ജെൻഡർ പ്രതിനിധിക്കൊപ്പം വിട്ടത്.