Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതി നിലനില്‍ക്കെ അവധിക്കാല യാത്രയ്ക്കായി  യുകെയിലുള്ളവര്‍ക്കു യൂറോപ്പിലേക്ക് വാതില്‍ തുറക്കുന്നു

ലണ്ടന്‍-യുകെയിലും യൂറോപ്പിലും കൊറോണ ഭീതി നിലനില്‍ക്കെ യുകെയിലുള്ളവര്‍ക്ക് ജൂലൈ 6 മുതല്‍ അവധിക്കാല യാത്രയ്ക്കായി യൂറോപ്പിലേക്ക് പോകാന്‍ അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ചില രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന ആളുകള്‍ക്ക് ക്വറന്റൈന്‍ വേണ്ടെന്നു മന്ത്രിമാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആണ് ഈ വേനല്‍ക്കാലത്ത് യുകെ ഹോളിഡേ മേക്കര്‍മാരെ സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കാനൊരുങ്ങുന്നത്. ആരോഗ്യ നടപടികളുടെ അവലോകനത്തിന് ശേഷം ജൂലൈ 6 ന് നിയമങ്ങളില്‍ ഇളവ് നല്‍കാനാണ് ശ്രമം.
യുകെയുമായുള്ള യൂറോപ്പിലെ യാത്രാ ഇടനാഴികളുടെ മുഴുവന്‍ പട്ടികയും അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കും. ഇറ്റലി, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, തുര്‍ക്കി, ജര്‍മ്മനി, നോര്‍വെ എന്നിവിടങ്ങളിലേയ്ക്കും യാത്രയ്ക്ക് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പോര്‍ച്ചുഗലും സ്വീഡനും പട്ടികയില്‍ ഉണ്ടായേക്കില്ല. ഇവിടങ്ങളില്‍ കൂടുതലായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.പുതിയ ഇളവുകള്‍ ആളുകള്‍ക്ക് 'വിദേശത്ത് ഒരു വേനല്‍ക്കാല അവധിക്കാലം' നല്‍കുമെന്നും ഇത് യുകെ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപ്തിയെ ആശ്രയിച്ച് പച്ച, അംബര്‍, ചുവപ്പ് എന്നിങ്ങനെ രാജ്യങ്ങളെ തരംതിരിക്കുന്ന ഒരു ട്രാഫിക് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ വീണ്ടും നിയന്ത്രണം കൊണ്ട് വരാന്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. അടുത്തിടെ ലിസ്ബണിലും പരിസരത്തും പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതാണ് പോര്‍ച്ചുഗലിനെ ഒഴിവാക്കുന്നത്. അണുബാധ നിരക്ക് യുകെയേക്കാള്‍ കൂടുതലായതിനാലാണ് സ്വീഡനും പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്തത്. അവ രണ്ടും ചുവപ്പ് പട്ടികയിലാവും.
യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ ഏത് രാജ്യത്ത് നിന്ന് മടങ്ങിയെത്തിയാലും വിലാസം കൈമാറേണ്ടതുണ്ട്. വിമാനങ്ങളിലും കടത്തുവള്ളങ്ങളിലും മുഖാവരണം ധരിക്കാനും ആവശ്യപ്പെടും. ക്വറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് പ്രോത്സാഹജനകമാണെന്ന് ട്രാവല്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് എ ബി ടി എ പറഞ്ഞു.ജൂണ്‍ 8 മുതല്‍ യുകെയില്‍ എത്തുന്ന എല്ലാ ആളുകളും 14 ദിവസത്തേക്ക് ക്വറന്റൈന്‍ ആവണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു . യാത്രാ വ്യവസായവും എംപിമാരും ഇതിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ തടയുന്നതിനാണ് നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.
 

Latest News