ആലപ്പുഴ-ആലപ്പുഴ ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കാലത്തിന് മുന്‍പേ പൊഴി മുറിക്കല്‍ ജോലിക്കള്‍ തീര്‍ക്കേണ്ടതുണ്ടെന്നും എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം ഇതിനുള്ള നടപടികള്‍ വൈകുകയാണെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കാരണമായി ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുകയും കൂടി ചെയ്യുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും എന്നത് കൂടി കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗികളായ പിതാവും മകനും ചുറ്റിക്കറങ്ങിയതിനെ തുടര്‍ന്ന് കായകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതര്‍ നേരത്തെ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് വരുന്ന മുറയ്ക്ക് കായംകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.