തിരുവനന്തപുരം- കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് ലോക മലയാളികളുടെ താക്കീതായി വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന വെൽഫെയർ പാർട്ടി ലോക കേരള പ്രതിഷേധ സഭ. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പ്രതിഷേധ സഭ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികളെന്നും ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൗരൻമാരെ തിരികെ കൊണ്ടുപോകാൻ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയപ്പോൾ ഇന്ത്യ സർക്കാർ പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എംബസികളിൽ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയർ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് നിർത്തിവെച്ച് കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടി ഒരുക്കണമെന്ന ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. എന്നാൽ രോഗപ്രതിരോധം നടത്തേണ്ട സമയത്ത് മധ്യപ്രദേശ് സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു സർക്കാറിന് താൽപര്യം. പുറമേ സ്‌നേഹമുണ്ടെന്ന് നടിക്കുകയും കേന്ദ്രവുമായി ചേർന്ന് മറുനാട്ടിൽ തന്നെ പ്രവാസികളെ തളച്ചിടാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രവാസികൾ വരുന്ന വിമാനങ്ങൾ റദ്ദാക്കുക, അവർക്കുള്ള ക്വാറന്റൈൻ സംവിധാനം നിർത്തലാക്കുക, കൃത്യമായ വിവരങ്ങൾ കൈമാറാതിരിക്കുക തുടങ്ങിയ തടസ്സങ്ങൾ പലപ്പോഴായി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ തിരിച്ചുവരവ് എന്നത് ഏറെ കടമ്പകൾ നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഗവൺമെന്റ് മുൻകൈയെടുത്ത് വളരെക്കുറച്ചു പ്രവാസികൾ മാത്രമാണ് നാട്ടിലെത്തിയതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
കെ. സുധാകരൻ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, മുൻ പ്രവാസി വകുപ്പ് മന്ത്രി എം.എം ഹസൻ, സി.എം.പി നേതാവ് സി.പി ജോൺ, സാഹിത്യകാരൻ പി.സുരേന്ദ്രൻ, അഡ്വ. ആർ. മുരളീധരൻ, വിവിധ പ്രവാസി സംഘടനാ നേതാക്കളായ ഡോ.ഷീബ (ഖത്തർ), മൻസൂർ പള്ളൂർ (സൗദി), സത്താർ താമരത്ത് (റിയാദ്), വി.വി ശരീഫ് (സിംഗപ്പുർ), ഖലീൽ ഹംദാൻ (തുർക്കി), അഷ്‌റഫ് താമരശേരി, മോഹൻദാസ് നെല്ലിക്കുന്ന് (സലാല), ഷമീം അഹ്മദ് (യു.കെ), അബ്ദുസലാം ചാലക്കൽ (സോമാലിയ), മുഹമ്മദ് റിയാസ് (സ്വീഡൻ), കെ.പി ശംസുദ്ദീൻ (യു.എ.ഇ), അബ്ദുൽ കരീം (ചൈന), ഷഫീഖ് വി.കെ (യു.എസ്.എ), മുഹമ്മദ് സാലിഹ് (കുവൈത്ത്), എം.സി.എ നാസർ (യു.എ.ഇ), ഇ.പി ജോസ് (യു.എ.ഇ), ഷമിലി പി. ജോൺ (ഒമാൻ), ഡയസ് ഇടിക്കുള (യു.എ.ഇ), ഹരികുമാർ (ഒമാൻ), തഴവ രമേശ് (സലാല), അബുലൈസ് എടപ്പാൾ (യു.എ.ഇ), നഹ്‌ല ടി.എം (റഷ്യ) തുടങ്ങിയവരും വിവിധ നേതാക്കളും സംബന്ധിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ നന്ദിയും പറഞ്ഞു.