Sorry, you need to enable JavaScript to visit this website.

പ്രവാസി പ്രശ്‌നം: ഹരജികൾ  ഹൈക്കോടതി തീർപ്പാക്കി

കൊച്ചി- ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ചോദ്യം ചെയ്ത ഹരജികൾ ഹൈക്കോടതി തീർപ്പാക്കി. സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതി നടപടി. 
കോവിഡ് പോസിറ്റീവായ വരെയും അല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരാൻ പാടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
യാത്രക്ക് മുൻപ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകി. തുടർന്ന് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനു ശേഷം കേന്ദ്രം നൽകിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ തയാറാക്കിയതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. 


യു.എ.ഇയിൽ യാത്രക്ക് മുൻപ് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഖത്തറിൽ രോഗമില്ലാത്തവർക്ക് മാത്രമേ വിമാനത്താവളത്തിൽ എത്താൻ കഴിയൂ. ഇക്കാര്യം അവിടെ സർക്കാർ ഏർപ്പെടുത്തിയ ആപ്പിലൂടെ ഉറപ്പാക്കുന്നുണ്ട്. കുവൈത്തിൽ വിമാനത്താവളങ്ങളിൽ പരിശോധനാ സംവിധാനമുണ്ട്. ഒമാൻ, സൗദി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ പരിശോധനക്ക് ചില ബുദ്ധിമുട്ടുകൾ ഉള്ളതായി അറിയിച്ചു. പി.പി.ഇ കിറ്റ്, എൻ-95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഇവിടെ നിന്നുള്ള യാത്രക്കാർ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 
ജൂൺ 25 നും 30 നും ഇടക്ക് ധാരാളം ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിൽ എത്തിച്ചേരുന്നത്. കോവിഡ് പ്രതിരോധം മുൻനിർത്തി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നടപടികളെ പ്രശംസിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം കത്ത് നൽകിയതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഒരു കൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്.


 

Latest News