Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കൂൾ തുറക്കൽ: അബുദാബിയിൽ മാതാപിതാക്കൾക്കിടയിൽ സർവേ 

അബുദാബി - വേനൽക്കാല അവധിക്കുശേഷം കുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ സമഗ്രമായ സർവേ നടത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാർച്ചിൽ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനുള്ള സാധ്യതയെക്കുറിച്ച് മന്ത്രാലയത്തിന്റെ പ്രഖ്യാപനം വന്നതിന് ശേഷമാണ് സർവേ ആരംഭിച്ചത്. അടച്ചതിനുശേഷം, സ്‌കൂളുകളും സർവകലാശാലകളും വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിച്ചുവരുന്നത്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവിന് മാതാപിതാക്കളുടെ അഭിപ്രായം നിർണായകമാണ് എന്നതിലാണ് സർവേ നടത്തുന്നത്.


'സമഗ്രമായ ഈ സർവേയിലൂടെ രക്ഷിതാക്കൾക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അവരുടെ നിലപാട് അറിയിക്കാൻ സാധിക്കും. ഈ അഭിപ്രായങ്ങളെല്ലാം സമാഹരിച്ച് മാത്രമേ അവസാന തീരുമാനമെടുക്കൂ'-വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. 'സെപ്റ്റംബറിൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഞങ്ങളും വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും രക്ഷാകർത്താക്കളെയും കാണാൻ കാത്തിരിക്കുകയാണ്. എന്നാൽ നമ്മുടെ കുട്ടികളുടെ കുടുംബങ്ങളിലെ  കോവിഡ് സ്വാധീനത്തെ കുറിച്ച് ശ്രദ്ധിക്കാതിരിക്കുന്നത് ശരിയല്ല. ഈ വിഷയത്തിൽ രക്ഷിതാക്കളുടെ  അഭിപ്രായം വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. അതിനാൽ അവരുടെ അഭിപ്രായവും കുട്ടികളെ സ്‌കൂളിലേക്ക് മടക്കി അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'- വിദ്യാഭ്യാസ വകുപ്പ് ചെയർപേഴ്‌സൺ സാറാ മുസല്ലം പറഞ്ഞു.
അതേസമയം, കോവിഡ് മുൻകരുതലുകൾ പാലിച്ച് സ്‌കൂളുകൾ തുറക്കാൻ തയാറാണെന്ന് സന്നദ്ധത അറിയിച്ച് സ്വകാര്യ സ്‌കൂളുകളും സ്ഥാപന അധികാരികളും രംഗത്തെത്തിയിട്ടുണ്ട്. സർവേയിൽ സ്‌കൂൾ തുറക്കുന്നതിനെതിരെയാണ് രക്ഷിതാക്കളുടെ പൊതു അഭിപ്രായം വരുന്നതെങ്കിൽ ബദൽ മാർഗത്തെ കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിട്ടുണ്ട്. സ്‌കൂളുകൾ വീണ്ടും തുറന്നാൽ കുട്ടികൾ  സുരക്ഷിതരായിരിക്കില്ലെന്നാണ് മാതാപിതാക്കൾ അഭിപ്രായപ്പെടുന്നതെങ്കിൽ വിദൂര പഠനം തെരഞ്ഞെടുക്കുന്നതിനെ കുറിച്ചായിരിക്കും ആലോചിക്കുകയെന്ന്  മുസല്ലം പറഞ്ഞു.


'വീട്ടിലിരുന്ന് പഠിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി സ്‌കൂളുകളും രക്ഷിതാക്കളും എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അവരുടെ പരിശ്രമങ്ങളെ വളരെയധികം വിലമതിക്കുന്നു. എന്നിരുന്നാലും, ഒരു ക്ലാസ് റൂം ക്രമീകരണത്തിന് പകരമാവാൻ മറ്റൊരു സംവിധാനത്തിനും കഴിയില്ലെന്ന് അവർ പറഞ്ഞു. അതേസമയം, പുതിയ അധ്യയന വർഷത്തിനായി നാം തയാറെടുക്കുമ്പോൾ, കുട്ടികളുടെയും അധ്യാപകരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതും നമ്മുടെ ബാധ്യതയാണ്. സ്‌കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ, ചില രക്ഷാകർത്താക്കൾക്ക് കുട്ടികളെ തിരികെ സ്‌കൂളിലേക്ക് അയക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നുന്നുവെങ്കിൽ, അവർക്ക് വിദൂര പഠനത്തിന് അവസരമൊരുക്കും. അബുദാബിയിലെ ഓരോ വിദ്യാർഥിക്കും സുരക്ഷിതവും മികച്ചതുമായ ക്ലാസുകൾ ഉറപ്പുവരുത്തുന്നതിനായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുസല്ലം കൂട്ടിച്ചേർത്തു. സർവേയിൽ ഭാഗഭാക്കായി തങ്ങളെ സഹായിക്കാൻ  മാതാപിതാക്കളോട് അവർ അഭ്യർഥിച്ചു.


കോവിഡ് പ്രതിസന്ധി തീരുന്നത് വരെ വിദൂര വിദ്യാഭ്യാസം തുടരാൻ ആവശ്യപ്പെട്ട് ഇതിനകം ഒട്ടേറെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടതിനാൽ ഫീസിൽ ഇളവ് വരുത്തണമെന്നും ഇവർ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരം ആവശ്യങ്ങൾ നിർണായകമായ ഈ സർവേയിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. 
ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം, ഗതാഗത മാർഗം, സ്‌കൂൾ വീണ്ടും തുറക്കുന്നതിനുള്ള മുൻഗണനകൾ, സ്‌കൂൾ ദിവസത്തിന്റെ ദൈർഘ്യം, മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സർവേയുടെ ഉള്ളടക്കം. കോവിഡ് 19 കുടുംബങ്ങളെ എങ്ങനെ ബാധിച്ചുവെന്നും ഈ പ്രതിസന്ധിയിൽ സ്‌കൂൾ എന്ത് സാമ്പത്തിക സഹായം നൽകി എന്ന കാര്യങ്ങൾ കണ്ടെത്താൻ കൂടി ഈ സർവേ ലക്ഷ്യമിടുന്നു.

 

Latest News