കണ്ണൂർ- പായം പഞ്ചായത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ തുക അപഹരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ അന്തരിച്ച തോട്ടത്തിൽ കൗസു എന്നവരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ തുക വ്യാജമായി അപഹരിച്ച സംഭവത്തിൽ അന്വേഷണം നടത്തണം. സി.പി.എം കേന്ദ്രത്തിൽ തെരഞ്ഞെടുപ്പിൽ മരിച്ചവരുടെ വോട്ട് കള്ളവോട്ട് ചെയ്യുന്നത് പോലെ മരിച്ചവരുടെ പെൻഷൻ തുക സി.പി.എം ഭരിക്കുന്ന ബേങ്കിൽ തട്ടിയെടുക്കൽ ഇപ്പോൾ പുതിയ ഫേഷനായി മാറിയിരിക്കുകയാണ്.
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ഇരിട്ടി റൂറൽ ബേങ്ക് കലക്ഷൻ ഏജന്റുമായ വനിതക്കെതിരെയാണ് പെൻഷൻ തുക വ്യാജമായി അപഹരിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയുള്ള ബേങ്കിൽ നടന്ന പെൻഷൻ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ അന്തരിച്ച കൗസുവിന്റെ ബന്ധുക്കളിൽ പായം പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നല്കുന്നവർ സമ്മർദ്ദവും ഭീഷണിയും മുഴക്കിയതായും പരാതിയുണ്ട്.
ആരോപണ വിധേയയായ ബേങ്ക് ജീവനക്കാരി ഒരുമന്ത്രിയുടെ അടുത്ത ബന്ധുവായതിനാൽ ഭരണസ്വാധീനം ഉപയോഗിച്ച് സംഭവത്തിലെ തെളിവുകൾ അട്ടിമറിക്കുവാൻ സാധ്യതയുണ്ടെന്നിരിക്കെ പെൻഷൻ തുക തട്ടിയെടുത്തത് സംബന്ധിച്ച എല്ലാ രേഖകളും ഉത്തരവാദപ്പെട്ടവർ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതും കൃത്യമായ അന്വേഷണം നടത്താൻ അധികൃതർ തയ്യാറാവേണ്ടതുമാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രസിഡന്റായ ബേങ്ക് ഭരണസമിതി വിതരണം ചെയ്ത എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളെ കുറിച്ചും അന്വേഷിക്കണമെന്നും
പെൻഷൻ തുക തട്ടിയെടുക്കുവാൻ മറ്റ് ജീവനക്കാർക്ക് പങ്ക് ഉണ്ടോ എന്നതുൾപ്പെടെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.