കണ്ണൂർ-കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥിതി ആശങ്കാജനകം. കോവിഡ് ബാധിതരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 17 ആയി. അമ്പതോളം പേർ ക്വാറന്റൈനിൽ പോയി. കണ്ണൂർ ഡി.എസ്.സി.സെന്ററിലെ മൂന്ന് കാന്റീൻ സ്റ്റാഫുകൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ദൽഹി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അവധി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്കാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. തുടർന്ന് ഇവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. വിമാനത്താവള ഓഫീസിൽ ജോലി ചെയ്തിരുന്നയാൾക്കാണ് ഇന്നലെ രോഗബാധയുണ്ടായത് എന്നതിനാൽ ആശങ്കപെടേണ്ടതില്ലെന്നാണ് കിയാൽ അധികൃതരുടെ നിലപാട്.
നേരത്തെ രോഗബാധിതരായവർ താമസിച്ചിരുന്ന ചിറ്റാരിപറമ്പ് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അധികൃതർ കണ്ടെയൻമെന്റ് ഏരിയയായി പ്രഖ്യാപിച്ചിരുന്നു. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ വനിതകൾക്കായി നിർമ്മിച്ച ഹോസ്റ്റലിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കായി ക്വാറന്റൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ പുറത്തു നിന്നും എത്തുന്നവർക്ക് പ്രവേശനമില്ലെന്നതിനാൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാവാനുള്ള സാധ്യത ഇല്ല. വിമാനത്താവള ഡ്യൂട്ടിക്കായി അവധി കഴിഞ്ഞെത്തുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, 14 ദിവസ ക്വാറന്റെനിൽ കഴിയണമെന്ന് കിയാൽ എം.ഡി നിർദ്ദേശം നൽകിയിരുന്നു. കോവിഡ് രോഗബാധയുണ്ടായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് കേന്ദ്രം ഇന്നലെ അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നു.