ആലപ്പുഴ- എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്ന് ബന്ധുക്കള്‍. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മഹേശനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ ഇതെല്ലാം പറയുന്നുണ്ടന്നും അവര്‍ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫീസിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് അന്വഷണം തുടങ്ങി. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാരാരിക്കുളം സ്റ്റേഷന്‍ ഓഫീസര്‍ എസ്. രാജേഷിനാണ് അന്വേഷണച്ചുമതല. മഹേശന്റെ വീട്ടുകാരുടെ മൊഴി ഇന്ന് പോലീസ് ശേഖരിക്കും. മഹേശന്റെതായി ലഭിച്ച കത്തുകളിലെ കൈയ്യക്ഷരവും ഒപ്പും അയാളുടെതു തന്നെയാണോ എന്നും പരിശോധിക്കും.
വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന മഹേശന്‍ മാനസിക വിഷമത്താല്‍ ആത്മഹത്യ ചെയ്തതതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മഹേശന്‍ മരിക്കുന്നതിനുമുമ്പ് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തേണ്ടിവരും. ഇതിനായി വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും പോലീസിന് ചോദ്യം ചെയ്യേണ്ടിവരും. മഹേശന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുന്നത് വെള്ളാപ്പള്ളി നടേശനും തലവേദനയായി മാറുകയാണ്. പോലീസ് തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകമായി എഴുതിയ കത്തില്‍ മഹേശന്‍ ആരോപിച്ചിരുന്നു.
ആലപ്പുഴ ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സന്തോഷ് കുമാറിന് എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്റെ ലറ്റര്‍ ഹെഡിലാണ് മഹേശന്റെ നിരപരാധിത്വം തെളിയിക്കുന്ന രീതിയില്‍ വിശദമായ കുറിപ്പ് എഴുതിയത്. സാമുദായ രംഗത്തും സാംസ്‌കാരിക രംഗത്തും കുടുംബ ജീവിതത്തിലും നല്ല രീതിയില്‍ പോകുന്ന എന്നെ കള്ള ക്കേസില്‍ കുടുക്കുവാന്‍ ശ്രമിച്ചാല്‍ അത് സൃഷ്ടിക്കുന്ന ദുരന്തത്തിന് ആരൊക്കെ ഉത്തരം പറയേണ്ടി വരുമെന്നും അത് കാലം തെളിയിക്കുമെന്നും പോലീസുകാര്‍ക്കുള്ള ആത്മഹത്യാകുറിപ്പില്‍ മഹേശന്‍ എഴുതിയിരുന്നു. മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂനിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടിലധികമായി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്നു കെ.കെ. മഹേശന്‍.
എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കൂട്ടുങ്കല്‍ കെ.കെ. മഹേശനെ (54) ബുധനാഴ്ച രാവിലെയാണ് യൂനിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ഏഴോടെ കണിച്ചുകുളങ്ങര പൊക്ലാശ്ശേരിയിലെ വീട്ടില്‍നിന്ന് മഹേശനെ കാണാതായി. ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാവിലെ പത്തോടെ യൂനിയന്‍ ഓഫീസ് ജീവനക്കാരന്‍ കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫീസ് തുറക്കാനെത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു. മാരാരിക്കുളം പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഓഫീസ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മഹേശന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കും ക്രൈംബ്രാഞ്ച് സി.ഐക്കും എഴുതിയ കത്തും മരിക്കുന്നതിന് തൊട്ട് മുമ്പായി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.