ബാംഗ്ലൂര്‍- ബലാത്സംഗ കേസില്‍ ബാംഗ്ലൂരിലെ സ്ഥാപന ഉടമയ്ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. 42 വയസുള്ള സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ കേസന്വേഷണത്തിലാണ് സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്താണ് ഇവരുടെ ഹര്‍ജി പരിഗണിച്ചത്. മെയ് രണ്ടിനാണ് യുവതി സ്ഥാപന ഉടമയ്‌ക്കെതിരെ പരാതി നല്‍കിയത്. ബാംഗ്ലൂരിലെ രാജരാജേശ്വരി നഗര പോലീസ് സ്‌റ്റേഷനിലാണ് വിവാഹ വാഗ്ദാനം നല്‍കി ബാലത്സംഗം ചെയ്തുവെന്ന് ഇവര്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വാദം അംഗീകരിക്കാനാകില്ല എന്നാണ് കോടതി പറഞ്ഞത്.
മലയാളം ന്യൂസ് വാർത്തകൾക്കായി വാട്‌സ്ആപ്പിൽ ജോയിൻ ചെയ്യുക
കൂടാതെ, ഒത്തുതീര്‍പ്പുണ്ടാക്കുകയാണെങ്കില്‍ പരാതി പിന്‍വലിക്കാം എന്നും ഒരു ഘട്ടത്തില്‍ യുവതി പറഞ്ഞിരുന്നു. ഇതും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബലാത്സംഗം ചെയ്ത പുരുഷനൊപ്പം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീയ്ക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും കോടതി വിമര്‍ശിച്ചു.
ബലാത്സംഗം ചെയ്ത ദിവസം രാത്രി പതിനൊന്ന് മണിക്ക് യുവതി എന്തിനാണ് പ്രതിയുടെ ഓഫീസില്‍ പോയതെന്നും ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചതെന്നും യുവതി കോടതിയില്‍ വിശദീകരിച്ചിട്ടില്ല. മാത്രമല്ല, മദ്യപിച്ച പ്രതിയ്‌ക്കൊപ്പം കാറില്‍ ഹോട്ടലിലേക്ക് പോകുകയായിരുന്നു.ഈ സമയത്തൊന്നും തന്നെ താന്‍ അപകടത്തിലാണെന്ന് യുവതി ആരെയും അറിയിക്കാന്‍ ശ്രമിച്ചിരുന്നില്ല. പുലര്‍ച്ചെ വരെ പ്രതിക്കൊപ്പം എന്തിനു കഴിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് ബലാത്സംഗത്തിനു ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്നായിരുന്നു യുവതിയുടെ മറുപടി.ഈ വാദം ഇന്ത്യന്‍ സ്ത്രീയ്ക്ക് യോജിച്ചതല്ലെന്നും ബലാത്സംഗമാണ് നടന്നതെങ്കില്‍ സ്ത്രീകള്‍ ഇങ്ങനെയല്ല പ്രതികരിക്കുകയെന്നും കോടതി പറഞ്ഞു.