മലബാർ കലാപത്തിലെ വീരനായകൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി നാലു സിനിമകൾ വരുന്നു എന്ന പ്രഖ്യാപനം വൻ വിവാദത്തിനാണല്ലോ തിരികൊളുത്തിയിരിക്കുന്നത്. അതേക്കുറിച്ചൊരു അഭിപ്രായം പറയുന്നതിനു മുമ്പ് മറ്റൊന്നു ചൂണ്ടിക്കാട്ടട്ടെ. സമീപകാലത്ത് കേരളത്തിൽ നടക്കുന്ന മിക്കവാറും സംവാദങ്ങളിലും വിവാദങ്ങളിലുമൊക്കെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് സംഘപരിവാർ ശക്തികളാണ്. ഒരർത്ഥത്തിൽ നമ്മുടെ രാഷ്ട്രീയ - സാംസ്‌കാരിക അജണ്ട പോലും തീരുമാനിക്കുന്നത് അവരായി മാറിയിരിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. തെരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനാകുന്നില്ലെങ്കിലും കേരളീയ സമൂഹത്തിൽ തങ്ങളാഗ്രഹിക്കുന്ന വിധം ധ്രുവീകരണം സൃഷ്ടിക്കാൻ അവർക്കാകുന്നുണ്ട്. ശബരിമല വിഷയത്തിൽ നാമത് കണ്ടതാണ്. എന്തൊക്കെ ന്യായീകരിച്ചാലും അന്ന് നടപ്പായത് സംഘപരിവാർ അജണ്ട തന്നെയായിരുന്നു. ഒരർത്ഥത്തിൽ ശബരിമല വിവാദത്തിന്റെ തുടർച്ചയായി ഈ വിവാദത്തെയും കാണാവുന്നതാണ്. ഇത്തരം വിഷയങ്ങളിൽ സംഘപരിവാർ നേടുന്ന നേട്ടങ്ങളെ പ്രതിരോധിക്കാൻ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ സംഘപരിവാറിനെതിരെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾക്കോ കഴിയുന്നില്ല. അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പ് ഐ വി ശശി സംവിധാനം ചെയ്ത 1921 പുറത്തിറങ്ങിയപ്പോൾ ഉണ്ടാകാതിരുന്ന കോലാഹലം ഇപ്പോൾ സിനിമ പ്രഖ്യാപിക്കുമ്പോഴേക്കും ഉണ്ടാകേണ്ടതില്ലല്ലോ.
തങ്ങളൊരിക്കലും അംഗീകരിക്കാത്ത ഗാന്ധി, അംബേദ്കർ തുടങ്ങി മാധവൻ നായർ, കുമാരനാശാൻ വരെയുള്ളവരുടെ വക്കുകൾ പോലും ഉപയോഗിച്ചാണ് സിനിമാ പ്രഖ്യാപനത്തിനെതിരെ സംഘപരിവാർ ശക്തികൾ രംഗത്തു വന്നിരിക്കുന്നത്. വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതിനു മലബാർ കലാപമാണ് കാരണമെന്നു പോലും ആക്ഷേപിക്കപ്പെടുന്നു. മലബാർ കലാപത്തെ കുറിച്ച് സത്യസന്ധമായി പഠിച്ച എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളത് അത് പ്രാഥമികമായും ബ്രിട്ടീഷ് വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായ കലാപമായിരുന്നു എന്നാണ്. കലാപത്തിൽ ഹിന്ദുക്കൾ സജീവമായി പങ്കെടുത്തിരുന്നു. കലാപത്തെ ഒറ്റിക്കൊടുത്ത മുസ്‌ലിംകളുണ്ടായിരുന്നു. ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്ത മുസ്‌ലികളും ശത്രുപക്ഷത്തു നിന്ന മുസ്‌ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഹിന്ദുക്കളാണ് എന്നതിനാൽ തന്നെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയും ആരും നിഷേധിക്കുന്നില്ല.
കലാപത്തിനിടക്ക് നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കാൻ ചരിത്രപരമായി നിരവധി കാരണങ്ങളുണ്ടെന്ന വസ്തുതയും വിസ്മരിക്കപ്പെടുന്നു. ഇന്നത്തെ ഇസ് ലാമോഫോബിയയുടെ ആദ്യരൂപങ്ങൾ അന്നു തന്നെയുണ്ടായിരുന്നല്ലോ. ടിപ്പുവിന്റെ പടയോട്ടവും സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടിരുന്ന ദളിത് ജനവിഭാഗങ്ങളുടെ ഇസ്‌ലാം മതത്തിലേക്കുള്ള പരിവർത്തനം, മലബാറിലെ ഭൂരിഭാഗം വരുന്ന ഹിന്ദുക്കളായ ജന്മിമാർ ബ്രിട്ടീഷുകാരോട് ഐക്യപ്പെട്ടത്. ചൂഷണം ചെയ്യപ്പെട്ടിരുന്ന കുടിയാന്മാർ മിക്കവാറും മുസ്‌ലിംകളായിരുന്നത് എന്നിങ്ങനെ പട്ടിക നീളുന്നു. അതേസമയം പ്രധാനമായും സവർണ വിഭാഗങ്ങളുടെ കൈവശത്തിലായിരുന്ന മാധ്യമങ്ങൾ കലാപത്തെ മാപ്പിള ലഹള എന്നു വിശേഷിപ്പിക്കുകയും സത്യങ്ങളോടൊപ്പം നുണകളും ചേർത്ത് പ്രചരിപ്പിക്കുകയുമായിരുന്നു. ആ വാർത്തകൾ വായിച്ചായിരുന്നു പല നേതാക്കളും നിലപാടുകളെടുത്തത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും തന്നെ മുസ്‌ലിം പേടി പ്രചരിക്കുന്നതിൽ അന്നത്തെ പ്രചാരണം കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വാരിയം കുന്നൻ തന്നെ അന്ന് ഹിന്ദു പത്രത്തിന് കത്തെഴുതിയിരുന്നല്ലോ. അതേസമയം അന്നത്തെ ബ്രിട്ടീഷുകാരുടെ ഇന്ത്യൻ സർക്കാർ പറയുന്നത് വിശ്വസിച്ചാണ് അംബേദ്കർ പോലും അഭിപ്രായം പറയുന്നത്. അതാകട്ടെ നിരവധി കലാപങ്ങളെ പരാമർശിക്കുന്നതിന്റെ കൂട്ടത്തിലായിരുന്നു.
ഇത്തരം യാഥാർത്ഥ്യങ്ങളെയെല്ലാം തിരസ്‌കരിച്ചാണ് സിനിമക്കെതിരെ രാഷ്ട്രീയ - വർഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാറുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. മാത്രമല്ല, കേരളത്തിലെ ആദിവാസികളെ ഏറ്റവും നീചമായി അധിക്ഷേപിച്ച് ബാംബു ബോയ്‌സ് എന്ന സിനിമയെടുത്ത അലി അക്ബറിനെക്കൊണ്ട് വാരിയം കുന്നത്തിനെ വില്ലനായി ചിത്രീകരിച്ച് സിനിമയെടുക്കുമെന്നും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. വേറെയും ചില അടിയൊഴുക്കുകൾ ഇതുമായി ബന്ധപ്പെട്ട് പ്രകടമാണ്. ഇ എം എസ് ഏറെക്കുറെ മലബാർ കലാപത്തെ അംഗീകരിച്ചതിനു ശേഷം ഇടതുപക്ഷം പൊതുവിൽ ആ നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും അത് മനമില്ലാ മനസ്സോടെയായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ മലബാർ കലാപത്തെ പരോക്ഷമായെങ്കിലും വർഗീയ കലാപമായി ചിത്രീകരിക്കാൻ അവർ ശ്രമിച്ചിട്ടുമുണ്ട്. പുതിയ വിവാദം അവരെ വെട്ടിലാക്കി. പൊതുവിൽ ഇടതുപക്ഷക്കാരനാണെങ്കിലും ആഷ്ിക് അബു അവർക്ക് പൂർണ്ണമായും സ്വീകാര്യനല്ല. വൈറസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ആഷിക് അബുവിനെ മൗദീദിയായി ചിത്രീകരിക്കാൻ വലിയ ശ്രമം നടന്നല്ലോ. അക്കാര്യത്തിൽ സംഘികൾക്കൊപ്പം ഇവരുമുണ്ടായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുള്ളത് സംഘപരിവാറുകാരിൽ നിന്നു മാത്രമല്ല, ഇടതുപക്ഷക്കാരിൽ നിന്നുമാണ്. ചിത്രത്തിന്റെ അണിയറ ശിൽപികൾ പലരും തീവ്രവാദികളാണെന്ന് പ്രത്യക്ഷത്തിൽ സംഘപരിവാർ ആക്ഷേപിക്കുമ്പോൾ പരോക്ഷമായി മറ്റു പലരും ആക്ഷേപിക്കുന്നതു കാണാം. സ്വത്വവാദികളുടെ തിരിച്ചുവരാനുള്ള ശ്രമമാണ് ഈ സിനിമയെന്ന ആക്ഷേപം പോലും കണ്ടു. വർത്തമാന കാലത്ത് ഇസ്‌ലാമോഫോബിയ പരത്തുന്നതിൽ ഇടതുപക്ഷവും പിറകിലല്ലോ. എന്നാൽ അതിനിടയിൽ അവർക്ക് വീണുകിട്ടിയ അവസരമാണ് ഇതേ വിഷയത്തിൽ സിനിമ ചെയ്യാനുള്ള പി ടി കുഞ്ഞഹമ്മദിന്റെ പ്രഖ്യാപനം. അതിനാൽ തന്നെ ഇടതുപക്ഷക്കാരിൽ മിക്കവാറും പി ടിയെ പ്രൊമോട്ട് ചെയ്യാനുള്ള തിരക്കിലാണ്.
അലി അക്ബറിന്റേതടക്കം എല്ലാ സിനിമകളും ഇറങ്ങട്ടെ എന്ന നിലപാടാണ് ഈ സാഹചര്യത്തിൽ ജനാധിപത്യവാദികൾക്ക് പറയാനാകുക. ചരിത്രത്തെ പ്രമേയമാക്കി സിനിമയെടുക്കുമ്പോഴും അത് ചരിത്രത്തിന്റെ പച്ചയായ ആവിഷാകാരമാകണമെന്ന് ഒരു നിർബന്ധവുമില്ല. അതിൽ നിരവധി ഫിക്ഷൻ കയറിവരാം. ചരിത്രം പോലും ഏകശിലാഖണ്ഡമല്ലല്ലോ. ചരിത്രകാരന്റെ ആവിഷ്‌കാരം കൂടിയാണ് ചരിത്രം. സംവിധായകന്റെ ആവിഷ്‌കാരമാണ് സിനിമ. അതിനാൽ തന്നെ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയം കൂടി ഇവിടെ ഉയർന്നു വരുന്നു. അതിനെതിരായ എല്ലാ നീക്കങ്ങളേയും പ്രതിരോധിക്കേണ്ടത് ജനാധിപത്യവാദികളുടെ കടമയാണ്.
മലയാള സിനിമയുടെ കുറച്ചുകാലത്തെ ചരിത്രം പരിശോധിച്ചാൽ കാണുന്ന പ്രകടമായ സ്വഭാവം കൂടി പരിശോധിക്കാം. മുസ്‌ലിംകളേയും മലപ്പുറം ജില്ലയേയും തീവ്രവാദികളായി ചിത്രീകരിച്ചും ബ്രാഹ്മണ്യത്തെ ഉദാത്തവൽക്കരിച്ചും പ്രചരിപ്പിച്ച എത്രയോ സിനിമകളാണ് പ്രേക്ഷകർ കണ്ടത്. അവയിൽ പലതിന്റേയും പിറകിൽ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരായിരുന്നു. അവക്കെതിരെ ആശയപരമായ സമരം നടന്നിട്ടുണ്ടെങ്കിലും ആരും ഭീഷണി മുഴക്കുകയോ തടയാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാൽ ഇപ്പോൾ സംഭവിക്കുന്നതോ? ഒരു മുസ്‌ലിം ചരിത്ര പുരുഷൻ നായകനായ സിനിമ പ്രഖ്യാപിക്കുമ്പോഴേക്കും ഉയരുന്നത് ഭീഷണിയുടെ ശബ്ദങ്ങളാണ്. ഈ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലനിൽക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യവാദികളുടെ രാഷ്ട്രീയ കടമ.