Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോവിഡ് സുരക്ഷ കൂടുതൽ ശക്തമാക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡുണ്ടോ എന്നറിയാൻ 5240 സാമ്പിളുകൾ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ടെസ്റ്റിൻറെ എണ്ണം പടിപടിയായി വർധിപ്പിക്കുന്നുണ്ട്. ജൂലൈയിൽ ദിവസം 15,000 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 3726 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.ഇതുവരെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 41,944 സാമ്പിളുകൾ ശേഖരിച്ചതിൽ 40,302 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113.

കോവിഡ് വ്യാപനത്തെക്കുറിച്ച് വിദഗ്ധർ നൽകുന്ന പുതിയ വിവരങ്ങൾ സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കേണ്ടതിൻറെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിദേശത്തു നിന്നു വരുന്നവരോട് ക്വാറൻറൈൻ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് നിഷ്‌കർഷിക്കുന്നത് അതിൻറെ ഭാഗമായാണ്.

പുറമേനിന്നു വന്ന കേസുകളിൽ 7 ശതമാനം പേരിൽ നിന്നു മാത്രമാണ് രോഗം പടർന്നത്. അതായത് 93 ശതമാനം ആളുകളിൽ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ നമുക്ക് തടയാൻ സാധിച്ചു. ഇതു ഹോം ക്വാറൻറൈൻ സംവിധാനത്തിൻറെ വിജയമാണ്. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ക്വാറൻറൈൻ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂർണ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയതോതിൽ പിടിച്ചുനിർത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകണം.

വിദേശ നാടുകളിൽ നിന്നും എയർപോർട്ടിലെത്തുന്നവർക്ക് അവിടെ തന്നെ ആൻറി ബോഡി ടെസ്റ്റ് നടത്തും. ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആൻറി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആൻറി ബോഡികൾ കണ്ടെത്തുകയാണെങ്കിൽ പിസിആർ ടെസ്റ്റ് കൂടി നടത്തും.

ആൻറിബോഡികൾ കാണാത്ത നെഗറ്റീവ് റിസൾട്ടുള്ളവർക്ക് രോഗമില്ലെന്ന് തീർത്തും പറയാനാവില്ല. രോഗാണു ശരീരത്തിലുള്ളവരിൽ രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവ് ആയിരിക്കും. അതുകൊണ്ട് ആൻറി ബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവർ തെറ്റായ സുരക്ഷാ ബോധത്തിൽ കഴിയാൻ പാടില്ല. അവർക്ക് പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ല. അവരും കർശനമായ സമ്പർക്ക വിലക്കിൽ ഏർപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ശരിയായ ബോധവൽക്കരണം നടത്തും.

രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പെയ്ൻ കൂടുതൽ ആത്മാർഥമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. കൈകൾ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളിൽ വീഴ്ച പാടില്ല.

ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവിൽ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താൻ സാധിക്കാതെ പോയിട്ടുള്ളൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ എല്ലാവരും സന്നദ്ധരാവണം. ബ്രേയ്ക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തിൻറെ നമ്പർ, സമയം, സന്ദർശിച്ച ഹോട്ടലിൻറെ വിശദാംശങ്ങൾ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തി വെയ്ക്കണം. ഇതു രോഗബാധിതൻ സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും.

നിലവിലെ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽ പോലും, ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റി നൽകുന്ന കണക്കുകൾ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതിൽ കുറയാം അല്ലെങ്കിൽ വർധിക്കാം. ശ്രദ്ധ പാളിയാൽ ഈ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങൾ എല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ ഓരോരുത്തരും സന്നദ്ധരാകണം.

ഇന്ന് ഉച്ചവരെ (ജൂൺ 25) വിദേശത്തുനിന്ന് 98,202 പേർ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതിൽ 96,581 (98.35 ശതമാനം) പേർ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേർ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്.

തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ  സ്‌ക്രീനിങ്, ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെയുള്ളവ  ആവശ്യാനുസരണം സജ്ജീകരിക്കും. തിരികെ എത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളിൽ നിന്നുള്ളവരാണ്.

താജികിസ്ഥാനിൽ നിന്നെത്തിയവരിൽ 18.18 ശതമാനവും റഷ്യയിൽനിന്ന് എത്തിയവരിൽ 9.72 ശതമാനവും നൈജീരിയയിൽ നിന്നെത്തിയവരിൽ 6.51 ശതമാനവും കുവൈത്തിൽ നിന്നെത്തിയവരിൽ 5.99 ശതമാനവും സൗദിയിൽ നിന്നെത്തിയവരിൽ 2.33 ശതമാനവും യുഎഇയിൽ നിന്നെത്തിയവരിൽ 1.6 ശതമാനവും ഖത്തറിൽ നിന്നെത്തിയവരിൽ 1.56 ശതമാനവും ഒമാനിൽ നിന്നെത്തിയവരിൽ 0.78 ശതമാനവുമാണ് കോവിഡ് ബാധിതർ.

ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 ഫ്‌ളൈറ്റുകളാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. നാളെ മുതൽ ദിവസം 4050 ഫ്‌ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതൽ ഫ്‌ളൈറ്റുകൾ. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആൻറിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകൾ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ ഇതിന് ചുമതലയുള്ളവർക്ക് വ്യക്തമായ മാർഗനിർദേശവും നൽകി. പൊലീസിൻറെയും ആരോഗ്യവിഭാഗത്തിൻറെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടൽ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങൾ വന്നപ്പോൾ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

കോവിഡ് രോഗികളുടെ ചികിത്സാർത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്ലാൻ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തിൽ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്.

പ്ലാൻ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേർന്ന് 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തിൽ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെൻറിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. രോഗികൾ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

നിലവിൽ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുള്ള 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലായി 15,975 കിടക്കകൾ കുടി സജ്ജമാക്കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകുക എന്നതാണ് സർക്കാർ സമീപനം. സർക്കാർ ചെലവിൽ ടെസ്റ്റിങ്, ക്വാറൻറൈൻ, ചികിത്സ എന്നിവയ്ക്കായി ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ച ആളുകളുടെ എണ്ണം  ഏപ്രിൽ 7,561, മെയ് 24,695, ജൂൺ 30,599 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് പത്തുലക്ഷം പേരിൽ 109 പേർക്കാണ് രോഗം (കേസ് പെർ മില്യൻ). രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കിൽ രാജ്യത്തിൻറേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിൾ പോസിറ്റിവിറ്റി റേറ്റ് കേരളത്തിൽ 1.8 ശതമാനമാണ്. രാജ്യത്തിൻറേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തിൽ താഴെയാവുക എന്നതാണ് ആഗോളതലത്തിൽ തന്നെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20ഉം മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ്.

ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയിട്ടുണ്ട്. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണം.

വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ടുകളിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിതവില ഈടാക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതൽ പേർ എത്തുകയും അവർക്ക് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ടുകളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ ലഘുഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവർക്ക് വാഹനം തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകുന്നതും അനുവദിക്കില്ല.

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയിൽപ്പെട്ടു അത് ഒഴിവാക്കാൻ നടപടിയെടുക്കും.

കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. ഇതിൽ ഏകീകരണം വരുത്താൻ നടപടി സ്വീകരിക്കും.

കണ്ടെയ്ൻമെൻറ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസർവ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ ചിലർ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്‌ക്കും ഹെൽമെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിക്കും.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും ഇടയ്ക്കിടെ സന്ദർശിക്കും. ക്വാറൻറൈൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കാതെ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 11 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest News