സകാക്ക - സകാക്ക സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ബുധനാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധയിൽ 42 കടകൾ കത്തിനശിച്ചതായി അൽജൗഫ് സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി അറിയിച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ല. ഏറെ നേരം നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആകെ 850 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.
അഗ്നിബാധയുടെ കാരണം നിർണയിക്കാൻ പ്രത്യേക കമ്മിറ്റികൾ അന്വേഷണം തുടരുകയാണ്. നഗരസഭയും റെഡ് ക്രസന്റും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കു കീഴിലെ ജല വകുപ്പും ട്രാഫിക് പോലീസും പട്രോൾ പോലീസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചു. ആളുകളുടെ ജീവന് ഭീഷണിയാകുന്ന നിലക്ക് അഗ്നിബാധക്ക് ഇടയാക്കും വിധം വീഴ്ചകളും അശ്രദ്ധകളും വരുത്തിയവർക്കെതിരെ സിവിൽ ഡിഫൻസ് നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.