കൊച്ചി- തന്റെ നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സൂര്യഗായത്ര എന്ന രഹ്ന ഫാത്തിമയുടെ വീട്ടിൽ പോലീസ് റെയ്ഡ്. പനമ്പള്ളിനഗറിൽ ഇവർ താമസിക്കുന്ന ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിലാണ് എറണാകുളം സൗത്ത് പോലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
വീട്ടിൽനിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. വീഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബർഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇൻസ്‌പെക്ടർ അനീഷ് പറഞ്ഞു. അതേസമയം, കേസിലെ പ്രതി രഹ്ന കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും എത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പൊലീസാണ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യമെടുക്കാൻ തീരുമാനിച്ചിട്ടില്ല. രഹ്നയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകൾ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതിൽ അശ്ലീലം കണ്ടവരാണ് കുറ്റക്കാർ. അടുത്ത ദിവസം പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങൾ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്. കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപ് വരെ പോലീസ് കൊണ്ടുപോയെന്നും മനോജ് ശ്രീധർ പറഞ്ഞു.