Sorry, you need to enable JavaScript to visit this website.

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് എതിരെ കൂടുതല്‍ പരാതികള്‍; മോഡലിന്റെയും നടിയുടെയും പണം തട്ടിയെടുത്തു

കൊച്ചി- നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. മറ്റൊരു നടിയെയും മോഡലിനെയും സമാനമായ രീതിയില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായാണ് വിവരം. രണ്ട് പേരും പ്രതികള്‍ക്ക് എതിരെ പോലിസിനെ സമീപിച്ചു. പുതിയ പരാതികളില്‍ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്യുമെന്ന് മരട് പോലിസ് അറിയിച്ചു. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മറ്റേതെങ്കിലും സെലിബ്രിറ്റികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പോലിസ് അറിയിച്ചു. കാസര്‍ഗോഡ് ഒരു ടിക് ടോക് താരത്തിന്റെ ഫോട്ടോ പ്രൊഫൈലാക്കിയാണ് ഇവര്‍ ഷംന കാസിമിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

വിവാഹ ആലോചനയെന്ന പേരിലാണ് താരത്തിന്റെ കുടുംബത്തിനെ സമീപിച്ചത്. ചെറുക്കനും പിതാവും പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച ദിവസം മറ്റ് ആറ് പേരാണ് എത്തിയിരുന്നത്. പിന്നീട് ഷംനയുടെ പിതാവ് ഇവരുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.

തുടര്‍ന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി അമ്പലത്ത് റഫീഖ് (30)കടവല്ലൂര്‍ കമ്മക്കാട്ട് രമേശ് (35) കൈപ്പമംഗലം പുത്തന്‍പുര ശരത്ത് (25) ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്‌റഫ് (52) എന്നിവരാണ് അറസ്റ്റിലായത്. പ്രമുഖ പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല.
 

Latest News