Sorry, you need to enable JavaScript to visit this website.

ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവര്‍

കൊച്ചി- പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരാണെന്ന് നടി ഷംന കാസിം വെളിപ്പെടുത്തി.  വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഷംന കാസിം പറഞ്ഞു.
വേറെ ആരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണു പോലീസില്‍ പരാതി നല്‍കിയത്. തൃശൂരില്‍നിന്നു വന്ന വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. ഇതിനിടെ വരനായി എത്തിയ ആള്‍ കഴിഞ്ഞ ദിവസം  ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി.  ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്.

വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്.  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെയാണ് പരാതി നല്‍കിയതെന്ന് ഷംന കാസിം പറഞ്ഞു. സംഭവത്തില്‍ പിടിയിലായ നാലു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പോലീസ് പറഞ്ഞു.

 

Latest News