തിരുവനന്തപുരം- പ്രവാസികൾക്ക് പി.പി.ഇ കിറ്റ് മതിയെന്ന സർക്കാർ തീരുമാനം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കോവിഡ് റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള നിബന്ധനകൾ ഏർപ്പെടുത്തി പ്രവാസികളുടെ വരവ് തടയാനായിരുന്നു കേരളം ശ്രമിച്ചത്. എന്നാൽ, ശക്തമായ പ്രതിഷേധം കാരണം ഇത് നടന്നില്ല. തുടർന്നാണ് പി.പി.ഇ കിറ്റ് മതിയെന്ന നിബന്ധനയിലേക്ക് സർക്കാർ എത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.പി.ഇ കിറ്റുകളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചെലവ് സർക്കാർ വഹിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. തീരുമാനം പ്രതിപക്ഷ സമരത്തിന്റെ വിജയമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പ്രതികരിച്ചു. പ്രവാസികളുടെ തിരിച്ചുവരവ് തടയാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്തതിനാൽ സംസ്ഥാന സർക്കാർ ഇപ്പോൾ തടിയൂരാൻ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.