തിരുവല്ല- ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതി അന്വേഷിക്കുന്നതിനിടെ പോലിസ് സ്‌റ്റേഷനില്‍ വിഷം കഴിച്ചെത്തി യുവതിയും സുഹൃത്തും. കുറ്റൂര്‍ തെങ്ങേലി സ്വദേശികളായ 25കാരിയും 21കാരനുമാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഭാര്യയെ രാവിലെ മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് തിരുവല്ല പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് യുവതിയും സുഹൃത്തും പോലിസ് സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തവെ വിഷം കഴിച്ചതായി ഇരുവരും പോലിസിനോട് പറഞ്ഞു. ഉടന്‍ അവശനിലയായ ഇരുവരെയും പോലിസ് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അബോധാവസ്ഥയിലുള്ള യുവതിയുടെ സഹായത്തിന് ഭര്‍ത്താവ് ആശുപത്രിയിലുണ്ടെന്നും ഈ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ടെന്നും പോലിസ് പറഞ്ഞു.