തിരുവനന്തപുരം- പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനായാത്രയിൽ പി.പി.ഇ കിറ്റ് മതിയെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. പി.പി.ഇ കിറ്റ് അതാത് വിമാനകമ്പനികൾ നൽകണം. നാട്ടിലെത്തിക്കുന്നതിന് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന നടപ്പാക്കുന്നതിലെ സാങ്കേതിക തടസം മറികടക്കാനാണ് കേരളം പി.പി.ഇ കിറ്റ് മതിയെന്ന് തീരുമാനിച്ചത്. ഇതിന് പുറമെ, യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ കർശനമായ വ്യവസ്ഥകളോടെയുള്ള സ്‌ക്രീനിങ്, വിമാനങ്ങളിൽ സുരക്ഷിതമായ അകലം അടക്കമുള്ള സംവിധാനങ്ങൾ യാത്രയിൽ ഏർപ്പെടുത്താനാണ് നീക്കം. ഇതിന് പുറമെ, ആരോഗ്യപരിശോധനകളും നടത്തും. പനി അടക്കമുള്ള രോഗലക്ഷണങ്ങളുള്ളവർക്ക് യാത്രക്ക് മുമ്പ് തന്നെ പരിശോധന നിർബന്ധമാക്കണമെന്നും വ്യവസ്ഥ ചെയ്യും. പ്രകടമായ രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇതിന് പുറമെ, സൗദിയിലെ സാങ്കേതിക സേവനങ്ങളുടെ സഹായം തേടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് നടത്താൻ ദുബായ്, കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഏറെ കടമ്പകൾ കടക്കാനുണ്ടെന്ന് അതാത് രാജ്യങ്ങളിലെ എംബസികൾ വ്യക്തമാക്കിയതിനെ തുടർന്നാണിത്. പരിശോധന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങൡലാണ് പി.പി.ഇ കിറ്റ് ഏർപ്പെടുത്തുക.
ചാർട്ടേഡ് വിമാനങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക എന്നായിരുന്നു അറിയിച്ചിരുന്നത്. കോവിഡുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് സൗകര്യം ഉപയോഗിക്കില്ലെന്ന് ഇന്നലെ സൗദി ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതും സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്ക് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാറിനെ പ്രേരിപ്പിച്ചു. ഇതിന് പുറമെ, ട്രൂനാറ്റ് സംവിധാനം വിദേശത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന കേന്ദ്രത്തിന്റെ അറിയിപ്പും മറ്റു മാർഗങ്ങൾ തേടാനുള്ള കാരണമായി. ദുബായ് അടക്കമുള്ള രാജ്യങ്ങൾ ട്രൂനാറ്റ് പരിശോധനക്ക് അനുമതി നൽകിയിട്ടില്ല.
പ്രവാസികളുടെ യാത്രക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക വിഷമതകൾ സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതും മുൻ തീരുമാനത്തിൽനിന്ന് പിറകോട്ട് പോകാൻ സർക്കാറിനെ പ്രേരിപ്പിച്ചു. ആന്റിബോഡി പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനാകില്ലെന്ന വിവരവും സർക്കാറിന് ബോധ്യമായി. ടെസ്റ്റ് നിർബന്ധമാക്കിയ യു.എ.ഇയിൽ നിന്നു വന്നവരിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു.